പാരീസ്: കോവിഡ് വ്യാപന ഭീതി നിലനിൽക്കെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്. ഫ്രാന്‍സില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ വീണ്ടും രാജ്യത്ത് പ്രവേശനം അനുവദിക്കും. റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷകള്‍ വീണ്ടും പരിഗണിച്ചു തുടങ്ങാനും ഫ്രഞ്ച് സര്‍ക്കാര്‍ കോണ്‍സുലേറ്റുകള്‍ക്ക് നിര്‍ദേശം നല്കി. വിദേശ മന്ത്രാലയം ട്വിറ്ററിലൂടെയാണ് തീരുമാനങ്ങള്‍ അറിയിച്ചത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഘട്ടംഘട്ടമായി പിന്‍വലിക്കുന്നത്. യൂറോപ്യന്‍ യൂണിയന് ധാരണ പ്രകാരം ഷെങ്കന്‍ അതിര്‍ത്തികളും ജൂലൈ ഒന്നിന് തുറക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്കായി അതതു രാജ്യങ്ങളില്‍ വീസ പ്രോസസിംഗും പുനരാരംഭിക്കും.
അതേസമയം, പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് രക്ഷാ ദൗത്യവുമായി ഫ്രാൻസ് ഇടഞ്ഞു. ഇന്ത്യക്കാരെ കൊണ്ടുവരാനായി ഫ്രാൻസിലേക്കു പോകുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ അങ്ങോട്ടുള്ള യാത്രക്കാർ വേണ്ടെന്നു കർശന നിലപാടിലാണു ഫ്രാൻസ്.
കഴിഞ്ഞ ദിവസം മുംബൈയിൽനിന്നു പാരിസിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നതു യാത്രക്കാരില്ലാതെയാണ്. ഫ്രാൻസിലുള്ള പ്രവാസികളെ കൊണ്ടുപോകാൻ അനുവദിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അവിടെച്ചെന്നിറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.തങ്ങളുടെ രാജ്യത്തു നിന്നുള്ള സ്വകാര്യ വിമാന കമ്പനികളെയും സർവീസ് നടത്താൻ അനുവദിക്കണമെന്നു ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments