COVID 19KeralaLatest NewsNews

കോവിഡ്: നൂറിൽ കൂടുതൽ രോഗികളുള്ളത് ഒമ്പത് ജില്ലകളിൽ

തിരുവനന്തപുരം • നൂറിൽ കൂടുതൽ കോവിഡ് രോഗികൾ നിലവിൽ ചികിത്സയിലുള്ളത് ഒൻപതു ജില്ലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം (201), പാലക്കാട് (154), കൊല്ലം (150), എറണാകുളം (127), പത്തനംതിട്ട (126), കണ്ണൂർ (120), തൃശൂർ (113), കോഴിക്കോട് (107), കാസർകോട് (102) എന്നിങ്ങനെയാണ് കണക്ക്. മെയ് നാലിനുശേഷം റിപ്പോർട്ട് ചെയ്ത 2811 കേസുകളിൽ 2545 പേർ മറ്റു രാജ്യങ്ങളിൽനിന്നോ സംസ്ഥാനങ്ങളിൽനിന്നോ വന്നവരാണ്. ജൂൺ 15 മുതൽ 22 വരെയുള്ള വിവരങ്ങൾ വിശകലനം ചെയ്താൽ ആകെ രോഗികളിൽ 95 ശതമാനവും പുറത്തുനിന്ന് കേരളത്തിൽ വന്നവരാണ്.

തിരുവനന്തപുരം ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഉൾപ്പെടെ എട്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കാസർകോട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയായി ആർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടില്ല.
രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കേസുകൾ പലയിടത്തായി ഉണ്ടാകുന്നുണ്ട്. അതിൽ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം. കോവിഡ് പകർച്ചവ്യാധിയുടെ കാര്യത്തിൽ ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളിൽ ലക്ഷണങ്ങൾ മിതമായ രീതിയിലാണ്. തീവ്രമായ തോതിൽ ലക്ഷണങ്ങൾ കാണിക്കുന്നത് ബാക്കി വരുന്ന 20 ശതമാനം ആളുകളിലാണ്. അവരിൽ അഞ്ചു ശതമാനത്തിൽ താഴെ പേരെയാണ് ഐസിയുവിൽ അഡ്മിറ്റ് ചെയ്യേണ്ടതായി വരുന്നത്.

രോഗലക്ഷണങ്ങൾ പുറത്തുകാണിക്കാത്തവരിൽനിന്ന് രോഗപകർച്ചയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാൽ, നമ്മുടെ സംസ്ഥാനത്ത് ഇത് സാരമായ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട്.

വൈറസ് ബാധിക്കുകയും രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ വീട്ടിനകത്ത് പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടർത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അതുകൊണ്ട് പൊതുസ്ഥലങ്ങളിൽ ഉള്ളതുപോലെ തന്നെയുള്ള കരുതൽ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണ്ടതുണ്ട്. പ്രത്യേകിച്ച് വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോൾ. നമ്മളിൽ ആരും രോഗബാധിതരാകാം എന്ന ധാരണയോടെയാണ് ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button