Latest NewsKeralaNews

മുഖ്യമന്ത്രിയുടെ തീരുമാനം കാറ്റിൽപ്പറത്തി സാമൂഹിക അകലം പാലിക്കാതെ സർക്കാർ ഉദ്യോഗസ്ഥർ

തൊടുപുഴ: കോവിഡ് പശ്ചാത്തലത്തിൽ പകുതി ജീവനക്കാര്‍ ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ പുറത്തു പോകണമെന്നാണ് ഇടുക്കി ജില്ലയിലെ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശം. ജീവനക്കാര്‍ പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്ന ജോലികള്‍ പരമാവധി കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചരത്തിലാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ വീടുകളില്‍ റിക്കാര്‍ഡ് പരിശോധനയും മറ്റും നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തിലെ സര്‍വേ ആഫീസുകള്‍ ഉള്‍പ്പെടെയുള്ളവ പഴയ രീതിയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റീസര്‍വേ ഉള്‍പ്പെടെയുള്ള ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നവരുടെ കാര്യത്തില്‍ മറ്റൊരു ജില്ലയിലും ഈ നിര്‍ദേശമില്ല. ഒരു ദിവസം തന്നെ നിരവധി വീടുകളില്‍ ചെല്ലേണ്ടതിനാല്‍ പ്രദേശവാസികളും ജീവനക്കാരും ഒരേ പോലെ പരിഭ്രാന്തിയിലാണ്.

കേരള സർക്കാർ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ റീസര്‍വേ ഉള്‍പ്പെടെയുള്ള ഫീല്‍ഡ് ജോലിയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലാത്തതും ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സര്‍വേ ജോലികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ക്വാറന്റൈനിൽ കഴിയുന്നവരോ, വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരുണ്ടോയെന്നോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അറിയാനും കഴിയില്ല.

ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ലഭ്യമാക്കിയിട്ടില്ല. അതിനാല്‍ തന്നെ ഫീല്‍ഡ് ജോലിക്ക് ശേഷം ആഫീസുകളിലും വീടുകളിലും എത്തുമ്ബോള്‍ മറ്റു ജീവനക്കാരിലേക്കും കുടുംബാംഗങ്ങളിലേക്കും രോഗം പകരാന്‍ സാധ്യത കൂടുതലാണ്. പൊതുജനങ്ങളുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തേണ്ടതിനാല്‍ ഫീല്‍ഡ് ജീവനക്കാരും നാട്ടുകാരും ഒരുപോലെ ആശങ്കയിലാണ്.

‘ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍വേ പൂര്‍ത്തിയാക്കണമെന്ന് സംബന്ധിച്ച്‌ ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. പൊതുജനങ്ങളുമായി ബന്ധപ്പെടാത്ത സ്ഥലങ്ങളില്‍ സര്‍വേ നടത്തിയാല്‍ മതി “- എ. രാജന്‍ (അസി. ഡയറക്ടര്‍)​

shortlink

Related Articles

Post Your Comments

Related Articles


Back to top button