ന്യൂഡല്‍ഹി: ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണത്തിന് മറുപടിയുമായി പി. ചിദംബരം രംഗത്ത്. ഞങ്ങളുടെ കാലത്തും കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുക്കുകയോ ഒറ്റ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2010-നും 2013-നുമിടെ ചൈന നടത്തിയ അറുനൂറോളം കടന്നുകയറ്റങ്ങള്‍ സംബന്ധിച്ച് മന്‍മോഹന്‍ സിങ് വിശദീകരിക്കണമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ, കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു തുണ്ട് ഭൂമി ചൈന കൈവശപ്പെടുത്തിയിട്ടില്ല. സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ സൈനികനും ജീവന്‍ നഷ്ടമായില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
2015 മുതലുള്ള 2264 കടന്നുകയറ്റം സംബന്ധിച്ച് നിലവിലെ പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ നഡ്ഡ ആവശ്യപ്പെടണം. പക്ഷേ അതിന് അദ്ദേഹത്തിന് ധൈര്യമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ചിദംബരം പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ നൂറുകണക്കിന് ചതുരശ്ര കിലോ മീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മന്‍മോഹന്‍ സിങ്ങെന്നായിരുന്നു ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണം.
Post Your Comments