Latest NewsNewsIndia

ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; വന്‍ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാഹാദിൽ നാല് കുട്ടികളക്കം ഒരു കുടുംബത്തിലെ ആറുപേരെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വന്‍ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്. സഹോദരങ്ങളായ ഇവരുടെ ബിസിനസില്‍ തകര്‍ച്ച നേരിട്ടതോടെ സാമ്പത്തിക ബാധ്യത കൂടിയെന്നും ഇതാകാം കുട്ടികളെ അടക്കം കൊലപ്പെടുത്തി ജീവനൊടുക്കാന്‍ കാരണമെന്നും അഹമ്മദാബാദ് ജെ.ഡിവിഷന്‍ എ.സി.പി. ആര്‍.ബി. റാണ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സഹോദരങ്ങളായ ഗൗരങ്ക് പട്ടേല്‍(40) അമരീഷ് പട്ടേല്‍(42) എന്നിവരെയും ഇവരുടെ മക്കളായ നാലുപേരെയും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം
ഇരുവരും തൂങ്ങിമരിക്കുകയും ചെയ്തു. കുട്ടികളുമായി പുറത്തേക്ക് പോയ ഇരുവരും തിരിച്ചുവരാത്തതിനാല്‍ ഇവരുടെ ഭാര്യമാർ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ഫ്‌ളാറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിവിധ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളുമായി ഇരുവര്‍ക്കും 32 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. നേരത്തെ ടെക്‌സ്‌റ്റൈല്‍ ബിസിനസ് നടത്തിയിരുന്ന ഇരുവരും പിന്നീട് രണ്ട് കാറുകള്‍ വാങ്ങി ടാക്‌സി സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ചു. ഇതോടെ സാമ്പത്തിക ബാധ്യത വര്‍ധിക്കുകയും വായ്പ തിരിച്ചടവുകള്‍ മുടങ്ങുകയുമായിരുന്നു. പരസ്പരം ഏറെ സൗഹൃദത്തിലായിരുന്ന സഹോദരങ്ങള്‍ മറ്റു കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. മാത്രമല്ല, ഇവരുടെ ഭാര്യമാര്‍ക്ക് പോലും സാമ്പത്തിക ബാധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ക്രെഡിറ്റ് കാര്‍ഡുകളില്‍ 22 എണ്ണവും ഗൗരങ്കിന്റെ പേരിലായിരുന്നു. ബാക്കി നാലെണ്ണം ഭാര്യമാരുടെ പേരിലും. ക്രെഡിറ്റ് കാര്‍ഡ് ഇടപാടില്‍ തിരിച്ചടയ്ക്കാനുള്ള തുക മാത്രം 12 ലക്ഷം രൂപ വരുമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സാമ്പത്തിക ബാധ്യത രൂക്ഷമാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു അവസാനനാളുകളില്‍ അവശ്യവസ്തുക്കള്‍ പോലും വാങ്ങിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. എല്ലാവഴികളും അടഞ്ഞതോടെയാകും സഹോദരങ്ങളെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സംഭവത്തിൽ പോലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button