തിരുവനന്തപുരം • ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയ ണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിപ്പയും കോവിഡും ഉൾപ്പെടുന്ന മഹാമാരികളെ സർക്കാരും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാണ് നേരിട്ടത്. ബംഗ്ലാദേശിലടക്കം നിപ്പ വൈറസ് ബാധ ഏറ്റ എല്ലാ സ്ഥലങ്ങളിലും നൂറുകണക്കിന് ആൾക്കാർ മരിച്ചപ്പോൾ നമ്മുടെ ആരോഗ്യമേഖലയ്ക്ക് മരണം 17 പേരിൽ തടഞ്ഞു നിർത്താനായത് അഭിമാനകരമായ നേട്ടം തന്നെയാണ്. പ്രാഥമിക ഘട്ടത്തിൽത്തന്നെ വൈറസിനെ തിരിച്ചറിയാനായി. നിപ്പയെ നേരിട്ട കേരള മോഡലിനെ ലോകമാകെ അഭിനന്ദിച്ചതാണ്. അതിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ കെ ഷൈലജയെ ലോകമാധ്യമങ്ങൾ വരെ പ്രശംസിക്കുകയും ചെയ്തു. അന്നുമുതൽ തുടങ്ങിയ നിസ്സഹരണമാണ് കോവിഡ് കാലത്തും പ്രതിപക്ഷം തുടരുന്നത്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ച് നിന്നിട്ടും പ്രതിപക്ഷം കേരളത്തിന്റെ ആരോഗ്യ മോഡലിനെ തകർക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നാടിന് ഒരു അപകടം വരുമ്പോൾ ഒന്നിച്ചു നിൽക്കേണ്ടതിന് പകരം എല്ലാത്തിനെയും എതിർക്കുന്ന മനോഭാവവുമായാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. അതിന്റെ തുടർച്ചയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യമന്ത്രിക്കെതിരായ അപകീർത്തികരമായ വാക്പ്രയോഗം. കെ.പി.സി.സി പ്രസിഡന്റിന്റെ നിലവാരമില്ലായമയാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഇത് കേരള സമൂഹത്തിനാകെ അപമാനകരമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments