കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ചൈനയ്ക്കെതിരായ പ്രതിഷേധം ശക്തമായി നടക്കുന്നതിനിടെ സിലിഗുരിയിലെ പ്രശസ്തമായ ഹോങ്കോങ് മാർക്കറ്റിന്റെ പേര് മാറ്റാൻ വ്യാപാരികൾ തീരുമാനിച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പൂർണമായും നിർത്താനും കടയുടമകൾ തീരുമാനിച്ചതായി മാധ്യമങ്ങൾ .കൂച്ച് ബെഹാർ ജില്ലയിലും സിലിഗുരിയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നൂറുകണക്കിനു പേർ അണിനിരന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കോലം പ്രതിഷേധക്കാർ കത്തിച്ചു.
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. പ്രാദേശിക ഉത്പന്നങ്ങൾ ആയിരിക്കും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പകരം ഇനി വിൽക്കുകയെന്നു മാർക്കറ്റ് കമ്മിറ്റി പ്രസിഡന്റ് തപൻ സാഹ പറഞ്ഞു. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മുതൽ സൗന്ദര്യവർധക വസ്തുക്കളും വീട്ടുപകരണങ്ങളും വരെയുള്ള ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രശസ്തമായ ചന്തയാണ് സിലിഗുരിയിലെ ഹോങ്കോങ് മാർക്കറ്റ്.
കടയുടമകളുടെ യോഗം വിളിച്ചു ചേർത്തശേഷം ഹോങ്കോങ് മാർക്കറ്റിന്റെ പുതിയ പേര് നിശ്ചയിക്കുമെന്നും തപൻ സാഹ വ്യക്തമാക്കി. അതിനിടെ, വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ചൈനക്കെതിരായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തവർ ആഹ്വാനംചെയ്തു.
Post Your Comments