Latest NewsFootballNewsSports

ദി റിയല്‍ ഹീറോ ; റാഷ്‌ഫോര്‍ഡിന്റെ പോരാട്ടം വിജയം കണ്ടു , 13 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പ് നല്‍കി സര്‍ക്കാര്‍

പ്രായം 22 മാത്രമെ ഉള്ളൂ എങ്കിലും ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഹീറോ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ്. കളത്തിലെ പ്രകടനങ്ങള്‍ കൊണ്ടല്ല കളത്തിന് പുറത്ത് റാഷ്‌ഫോര്‍ഡ് ചെയ്ത മഹത്തരമായ കാര്യങ്ങള്‍ക്കാണ് താരത്തിന് കയ്യടി നേടിക്കൊടുക്കുന്നത്. നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് വേണ്ടി 20 മില്യണോളം ധനശേഖരണം നടത്തിയ റാഷ്‌ഫോര്‍ഡ് ഇപ്പോള്‍ വീണ്ടും കുട്ടികള്‍ക്ക് മുന്നിലും രക്ഷിതാക്കള്‍ക്കു മുന്നിലും ഹീറോയായി മാറുകയാണ്.

നേരത്തെ ഇംഗ്ലണ്ടിലെ 1.3മില്യണോളം വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് വേനല്‍ അവധിക്കാലത്ത് ഭക്ഷണം നല്‍കേണ്ട എന്നായിരുന്നു ഇംഗ്ലണ്ടിലെ സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ ഇതിന് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു റാഷ്‌ഫോര്‍ഡ് എത്തിയത്. കുട്ടികള്‍ക്ക് ഉള്ള ഭക്ഷണം നിര്‍ത്തുന്നത് ശരിയല്ലെന്നും ഇതിനെതിരായി രാജ്യം മുഴുവനും പ്രതികരിക്കണമെന്നും ഒരോ കുടുംബവും അവരുടെ പാര്‍ലമെന്റ് അംഗത്തെ പരാമര്‍ശിച്ചു കൊണ്ട് ഈ ആവശ്യം ആവര്‍ത്തിക്കണമെന്നും താരം ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഈ സന്ദേശം ഇംഗ്ലണ്ട് ജനത ഒന്നടങ്കം ഏറ്റെടുത്തു. ഇതു കൂടാതെ സര്‍ക്കാറിന് ഇക്കാര്യം ഉന്നയിച്ച് വലിയ കത്ത് തന്നെ താരം എഴുതി. നാടു മുഴുവന്‍ മുന്നോട്ടു വന്നതോടെ സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ തീരുമാനം മാറ്റിയിരിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും ഭക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button