ന്യൂഡല്‍ഹി : ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കമാണ് ഇപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. ആഴ്ചകള്‍ക്കു മുമ്പേ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കയ്യേറിയിരുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ വിദേശ പ്രതിനിധികളും സേനാതലവന്‍മാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായതും, ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തത്.
അതുകൊണ്ടു തന്നെ ഇപ്പോള്‍ പ്രധാനമായും ഉരുത്തിരിയുന്ന ചോദ്യമാണ് ഇന്ത്യ – ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്? അതിര്‍ത്തി മാത്രമല്ല ചൈനയുടെ പ്രശ്‌നമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ചൈന മറച്ചുവച്ചെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും പല രാജ്യങ്ങളും ഉന്നയിക്കുന്നതും ചൈനയെ ബാധിച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) അധികാരത്തിലേറിയ 1949 മുതല്‍ ഇന്നുവരെ നേരിട്ടതില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
രാജ്യത്തിന്റെ ദേശീയത അപകടത്തിലാണെന്ന വികാരം ഉയര്‍ത്തിവിട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ വഴിതിരിച്ചുവിടാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകടമാകുന്നതെന്നാണു വിലയിരുത്തല്‍. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചതും ചൈനയെ ചൊടിപ്പിച്ചിരുന്നു
3,488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ പല സ്ഥലങ്ങളിലാണു ചൈന പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കിഴക്കന്‍ ലഡാക്ക് മുതല്‍ സിക്കിം വരെ ഇത്തരത്തില്‍ അവരുടെ കൈ നീളുന്നു. ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ഹോങ്കോങ്, തയ്വാന്‍ വിഷയങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും ഇന്ത്യയെ വില്ലനായി ചിത്രീകരിക്കുകയുമാണ് ചിന്‍പിങ്ങിന്റെ ലക്ഷ്യം. പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവരുമായി ഇന്ത്യ നിരന്തരം പ്രശ്‌നങ്ങളിലേര്‍പ്പെടുകയാണെന്നാണു ചിന്‍പിങ് വരുത്തിത്തീര്‍ക്കുന്നത്.
വുഹാനില്‍ ഉദ്ഭവിച്ച കൊറോണ വൈറസ് കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെന്ന വിമര്‍ശനം ചൈനയ്ക്കുനേരെ ഉയരുമ്പോള്‍ നിശബ്ദമായി ഇന്ത്യ അത് ഉപയോഗപ്പെടുത്തുകയാണെന്നും ചൈന വിശ്വസിക്കുന്നു. ചൈനയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കമ്പനികളെ അവിടുന്നു പിന്‍വലിക്കണമെന്നുമുള്ള തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചൈനയ്ക്കു പകരം ഇന്ത്യയില്‍ നിക്ഷേപം നടത്തണം, ഫാക്ടറികള്‍ സ്ഥാപിക്കണം എന്നിങ്ങനെയുള്ള വാദങ്ങളും ഉയരുന്നു. ഈ സമയം യഥാര്‍ഥ നിയന്ത്രണ രേഖയില്‍ തന്ത്രപ്രധാനമായ ഇടപെടലുകള്‍ നടത്തിയാല്‍ ഒരേസമയം ദേശീയത വളര്‍ത്തി സ്വന്തം ജനങ്ങളെ ഒരുമിപ്പിക്കാനും വിദേശ ശക്തികളെയും അവരെ പിന്താങ്ങുന്നവരെയും ഒരു പാഠം പഠിപ്പിക്കാനുമാണു ചൈന ലക്ഷ്യമിടുന്നത്.
ബെയ്ജിങ്ങിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ ലഡാക്കും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ ഇതില്‍ വലിയരീതിയില്‍ വിഷമിക്കുന്നില്ല. യുഎസിനും ആസിയാനും ശേഷം ചൈനയ്ക്കു വെല്ലുവിളിയാകുന്ന തരത്തില്‍ വലിയൊരു വിപണിയായി ഇന്ത്യ മാറാനുള്ള സാധ്യത ബെയ്ജിങ് കാണുന്നുണ്ട്. സൈനികപരമായി ഒരു യുദ്ധത്തിലേക്കു പ്രശ്‌നങ്ങള്‍ വഴിതിരിഞ്ഞുപോകാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഇതു തിരിച്ചടിക്കും. പാക്കിസ്ഥാനും നേപ്പാളും ചൈനയ്ക്ക് വെറും ഉപകരണങ്ങളാകുന്നുവെന്നേയുള്ളൂ. യഥാര്‍ഥത്തില്‍ ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍ ഇവര്‍ക്കാകില്ലെന്ന് ചൈനയ്ക്കും വ്യക്തമായിട്ടുണ്ട്. 2017ല്‍ ഭൂട്ടാനെ ഇളക്കാന്‍ നോക്കിയ ദോക്ലാം വിഷയവും കാര്യമായി ചൈനയ്ക്ക് അനുകൂലമായി മാറിയില്ല.
Post Your Comments