ന്യൂഡല്‍ഹി: കോവിഡില്‍ ഒറ്റപ്പെട്ട ചൈന അതിര്‍ത്തികള്‍ കയ്യേറുന്നത് ലോകശ്രദ്ധ തിരിച്ചുവിടാന്‍, ചൈനയ്ക്ക് വലം കയ്യായി പാകിസ്ഥാനും. ഗാല്‍വന്‍ താഴ്വരയില് ഇന്ത്യ-ചൈന സേനകള്‍ തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ കുഴപ്പങ്ങളും ലോക മാദ്ധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20ഓളം സൈനികരെയാണ് രാജ്യത്തിന് ഈ സംഘര്‍ഷത്തില്‍ നഷ്ടമായത്. മേയ് 5ന് തുടങ്ങിയ സംഘര്‍ഷം 45 വര്‍ഷത്തിനിടെ ആദ്യമായി ഇന്നലെ ഇന്ത്യന്‍ സൈനികരുടെ ജീവനാശത്തിന് കാരണമായി.
എന്നാല്‍ ചൈനയുടെ സൈന്യത്തെ ഉപയോഗിച്ചുളള പ്രകോപനം ഇന്ത്യയോട് മാത്രമല്ല എന്നതാണ് സത്യം. തായ്വാന്, ജപ്പാന്, ഹോങ്കോങ്, വിയറ്റ്നാം എന്നിങ്ങനെ തങ്ങളുടെ അയല്‍ രാജ്യങ്ങളോടും പ്രദേശങ്ങളോടും വിവിധ ഘട്ടങ്ങളിലായി ചൈന ശത്രുതയുളവാക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ തലസ്ഥാനമായ ബീജിങ്ങില്‍ ആരംഭിച്ച രണ്ടാംഘട്ട കൊവിഡ് രോഗബാധയുടെ ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നിന്ന് ലോകജന ശ്രദ്ധ അകറ്റാനാണ് ചൈനയുടെ ഇത്തരം ശ്രമങ്ങള്‍ എന്ന് കരുതുന്നവര്‍ ഉണ്ട്. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചൈനയില്‍ കൊവിഡ് മൂലം സാമ്പത്തിക വളര്‍ച്ച പിന്നിലേക്ക് പോയി. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു. അതുപോലെ ചിര വൈരികളായ അമേരിക്കയില്‍ നിന്നും അകന്നുനില്ക്കാനുളള തന്ത്രവുമാകാം മറ്റ് രാജ്യങ്ങളോടുള്ള ഇത്തരം പ്രകോപനങ്ങള്‍ എന്ന് കരുതാനും ന്യായമുണ്ട്.
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നടക്കുമ്പോള്‍ മറ്റൊരിടത്ത് ചൈനയുടെ യുദ്ധവിമാനം തായ്വാനിന്റെ അതിര്ത്തിയ്ക്കുള്ളിലെത്തുകയും ശേഷം തായ്വാനിലെ വായുസേനാ വിമാനങ്ങള്‍ ചൈനീസ് വിമാനത്തെ തുരത്തിയതും ഇന്നലെയാണ്. ചൈനയുടെ പ്രകോപനത്തെ നേരിടാന്‍ തയ്യാറാണ് അയല്‍ രാജ്യമായ ജപ്പാനും. ഇവിടങ്ങളില്‍ ചൈന യുദ്ധവിമാനങ്ങളുപയോഗിച്ച് ഇടക്കിടെ പ്രകടനം നടത്താറുണ്ട്.
വിയറ്റ്നാമിന്റെ മത്സ്യബന്ധന നൗകകളെ ദക്ഷിണ ചൈന കടലില്‍ വച്ച് ഈയിടെ ചൈന ആക്രമിക്കുകയുണ്ടായെന്ന് വിയറ്റ്നാമീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. നിരവധി തവണ ചൈനയില്‍ നിന്ന് ഇത്തരം പ്രകോപനം ഉണ്ടായെന്നും വിയറ്റ്നാം പറയുന്നു. നാവിക അഭ്യാസവും ചൈന ഇവിടെ കാഴ്ചവയ്ക്കുകയുണ്ടായി.
Post Your Comments