KeralaLatest NewsNews

ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം: ക്യുആര്‍ കോഡ് സംവിധാനത്തിലേക്ക്

തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൃത്യമായ വിവരങ്ങള്‍ ക്യുആര്‍ കോഡിലൂടെ ശേഖരിക്കാന്‍ കഴിയുമെന്നതിനാല്‍ തെറ്റുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാനും കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയുട്ടൂന്ന അമ്മമാരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, പോഷക നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ വനിത ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മാതൃവന്ദന യോജന. 2017 ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം മൂന്ന് ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍ എന്നിവര്‍ ഒഴികെ മറ്റു പ്രസവാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകള്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ഈ പദ്ധതി പ്രകാരം 5,000 രൂപ ലഭിക്കുന്നതാണ്. അങ്കണവാടി കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് ഐ.സി.ഡി.എസ് ഓഫീസുകള്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

shortlink

Post Your Comments


Back to top button