സോള്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയയുടെ യുദ്ധ ഭീഷണി . യുദ്ധത്തിന് സേനകള്‍ സജ്ജമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ദക്ഷിണ കൊറിയയ്ക്കു നേരെയാണ് ഉത്തര കൊറിയ യുദ്ധ ഭീഷണി മുഴക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ഉത്തര കൊറിയയ്ക്കെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണ് ഉത്തര കൊറിയ യുദ്ധഭീഷണി മുഴക്കിയിരിക്കുന്നത്.
Read Also ” കിം ജോങ് ഉന്നിന് ശേഷം ഉത്തര കൊറിയയില്‍ ആര് ? എല്ലാവരുടേയും കണ്ണ് ഇനി കിം യോ ജാങിലേയ്ക്ക്
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയിലും ഭരണകൂടത്തിലും കിം ജോങ് ഉന്‍ കഴിഞ്ഞാലുള്ള അധികാരകേന്ദ്രം കിം യോ ആണ്. പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാനുള്ള നിര്‍ദേശം സൈന്യത്തിനു നല്‍കുമെന്ന് അവര്‍ ടിവി സന്ദേശത്തില്‍ പറഞ്ഞു. ശത്രുവിനെതിരെ അടുത്ത നടപടി സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കിം ജോ യോങ് പറഞ്ഞത്. പാഴ്വസ്തുക്കള്‍ ചവറ്റുകൊട്ടയില്‍ തള്ളണം. പരമാധികാരിയായ കിം ജോങ് ഉന്നും പാര്‍ട്ടിയും രാജ്യവും തനിക്ക് നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച് ശത്രുവിനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോങ് പറഞ്ഞു.
കിമ്മിന്റെ സഹോദരി ഭീഷണി മുഴക്കിയതിനു പിന്നാലെ ദക്ഷിണകൊറിയയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഞായറാഴ്ച അടിയന്തര യോഗം ചേര്‍ന്നു. കരാറുകള്‍ പാലിക്കാന്‍ ഉത്തര കൊറിയ തയാറാകണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ അതീവഗൗരവത്തോടെയാണു നിരീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍ ദക്ഷിണ കൊറിയന്‍ സൈന്യം തയാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള കുപ്രചാരണങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെ ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കുന്നതായി ഉത്തര കൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ ഔദ്യോഗിക ആശയവിനിമയ ബന്ധങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായും നടപടി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഉത്തര കൊറിയ അറിയിച്ചു. ജൂണ്‍ 9 ന് ഉച്ചയ്ക്ക് 12 മുതല്‍ വര്‍ക്കേഴ്സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ബ്ലൂ ഹൗസും തമ്മിലുള്ള ഹോട്ലൈന്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ വിച്ഛേദിക്കുമെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു രാജ്യത്തെയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയവും നിര്‍ത്തിയിരുന്നു.
ഉത്തര കൊറിയയില്‍ നിന്ന് കടന്ന് ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ അഭയം നേടിയവര്‍ കിം ജോങ് ഉന്‍, സഹോദരി കിം ജോ യോങ് എന്നിവര്‍ക്കെതിരെ ലഘുലേഖകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയിലേക്ക് പറത്തിവിടുന്നതാണ് ഉത്തര കൊറിയയെ പ്രധാനമായും ചൊടിപ്പിച്ചത്. ലഘുലേഖകള്‍ ബലൂണില്‍ കെട്ടിയാണ് പറത്തുന്നത്. ഇത്തരത്തില്‍ അഞ്ചുലക്ഷത്തോളം ലഘുലേഖകള്‍ ബലൂണില്‍ കെട്ടി പറത്തിയതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ നയം, കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണം, പൗരവകാശങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഓരോ ലഘുലേഖയുടെയും ഉള്ളടക്കം.
Post Your Comments