ന്യൂഡല്‍ഹി : അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഒന്നിച്ച് കൈകോര്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് അമിത് ഷാ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി നേതാക്കളും ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടില്‍ നിന്നും നടപ്പിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അമിത് ഷാ അഭ്യര്‍ത്ഥിച്ചു. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ നിലവിലെ സാഹചര്യത്തില്‍ നിന്നും ഡല്‍ഹി ഉടന്‍ കരകയറും.രാജ്യ തലസ്ഥാനത്തെ എല്ലാവര്‍ക്കും കൊറോണ പരിശോധന ലഭ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ യോഗത്തില്‍ അമിത് ഷാ പ്രശംസിച്ചു. വ്യാപനം തടയുന്നതിനായുള്ള ആശയങ്ങളെക്കുറിച്ചും അദ്ദേഹം ആരാഞ്ഞിട്ടുണ്ട്.
ഡല്‍ഹിയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇന്ന് സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ത്തത്. യോഗത്തില്‍ ആംആദ്മിയെ പ്രതിനിധീകരിച്ച് എംഎല്‍എ സജ്ഞയ് സിംഗ് പങ്കെടുത്തത്.
Post Your Comments