ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ പാക്കേജിന്റെ” ഭാഗമായുള്ള വായ്പ ഇതിനകം പ്രയോജനപ്പെടുത്തിയത് ലക്ഷക്കണക്കിന് സംരംഭകര്‍. കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്ബത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈത്താങ്ങായിരുന്നു ‘ആത്മനിര്‍ഭര്‍ പാക്കേജ്’.ഇതിൽ എം.എസ്.എം.ഇകള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച മൂന്നുലക്ഷം
കോടി രൂപയുടെ പ്രത്യേക വായ്പ ഇതിനകം പ്രയോജനപ്പെടുത്തിയത് 7.50 ലക്ഷം സംരംഭകര്‍.
3.75 ലക്ഷം സംരംഭകര്‍ ഇതിനകം വായ്‌പാത്തുക നേടി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള കണക്കാണിത്. വ്യവസായ രംഗത്ത് മുന്നിട്ടുനില്‍ക്കുന്ന മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരാണ് വായ്‌പാ നേടിയവരില്‍ മുന്നിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയാണ് ജൂണ്‍ 11 വരെയുള്ള കണക്കുപ്രകാരം ഏറ്റവുമധികം തുക ഈ വായ്‌പായിനത്തില്‍ വിതരണം ചെയ്‌തത്. 12 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് ഇതുവരെ വിതരണം ചെയ്‌തത് 14,690.84 കോടി രൂപയാണ്. ഇതില്‍ 8,300.98 കോടി രൂപയും (മൊത്തം വായ്പയുടെ 55 ശതമാനം) എസ്.ബി.ഐയില്‍ നിന്നാണ്.
കഴിഞ്ഞ ഏതാനും ദിവസത്തിനിടെയാണ് വായ്‌പാ വിതരണം ഊര്‍ജ്ജിതമായത്. ജൂണ്‍ എട്ടുവരെ വിതരണം ചെയ്‌തത് 599.12 കോടി രൂപ മാത്രമായിരുന്നു. ജൂണ്‍ 11 വരെയുള്ള കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകള്‍ ആകെ അനുവദിച്ചത് 29,490.81 കോടി രൂപയുടെ വായ്‌പയാണെന്നും ഇതില്‍ 14,690.84 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്‌തതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവ ഇതിനകം ആയിരം കോടി രൂപയ്ക്കുമേലും പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ എന്നിവ 700 കോടി രൂപയ്ക്കുമേലും ഇതിനകം വിതരണം ചെയ്തു.
സംരംഭകര്‍ക്ക് ആശ്വാസ വായ്പ
നാഷണല്‍ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്റീ കമ്ബനിയാണ് (എന്‍.സി.ജി.ടി.സി) ബാങ്കുകള്‍, എന്‍.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി ‘എമര്‍ജന്‍സി ക്രെഡിറ്ര് ലൈന്‍ ഗ്യാരന്റി” സ്‌കീം (ഇ.സി.എല്‍.ജി.എസ്) എന്ന പ്രത്യേക എം.എസ്.എം.ഇ വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നിലവില്‍ ഒരു ബാങ്കിലോ വിവിധ ധനകാര്യ സ്ഥാപനങ്ങളിലോ ആയി 2020 ഫെബ്രുവരി 29നകം പരമാവധി 25 കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുള്ളവരും 2019-20 പ്രകാരം 100 കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവരുമാണ് യോഗ്യര്‍. വ്യക്തിഗത വായ്പ ഇതിന് പരിഗണിക്കില്ല. നിലവിലെ വായ്പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക.
ഇവര്‍ക്ക് നേടാം
പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്‌ണര്‍ഷിപ്പ്, രജിസ്‌റ്റര്‍ ചെയ്‌ത കമ്ബനികള്‍, ട്രസ്‌റ്റുകള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌ണര്‍ഷിപ്പുകള്‍ (എല്‍.എല്‍.പി) എന്നിവയ്ക്ക് വായ്‌പ നേടാം. വായ്‌പ തേടുന്ന സംരംഭം ജി.എസ്.ടിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കണം. അല്ലെങ്കില്‍, ജി.എസ്.ടി ബാധകമല്ലാത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാകണം. 60 ദിവസത്തിനുമേല്‍ വായ്‌പാ കുടിശികയുള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പ കിട്ടില്ല.
തിരിച്ചടവിന് 4 വര്‍ഷം
നിലവിലെ വായ്പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഇ.സി.എല്‍.ജി.എസ് വഴി സംരംഭകന് ലഭിക്കുക. നിലവില്‍ ഒരു കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുണ്ടെങ്കില്‍ 20 ലക്ഷം രൂപ കിട്ടും. നാലുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. മുതല്‍ തിരിച്ചടയ്ക്കാന്‍ ആദ്യ ഒരുവര്‍ഷം മോറട്ടോറിയം ലഭിക്കുമെങ്കിലും ഇക്കാലയളവിലെ പലിശ ഈടാക്കും. ഈവര്‍ഷം ഒക്‌ടോബര്‍ 31വരെയാണ് വായ്‌പാ വിതരണം.
9.25%
ഈടുരഹിത വായ്‌പയിന്മേല്‍ ബാങ്കുകള്‍ക്ക് ഈടാക്കാവുന്നത് പരമാവധി 9.25 ശതമാനം പലിശയാണ്. എന്‍.ബി.എഫ്.സികള്‍ക്ക് 14 ശതമാനം.
‘ഓട്ടോമാറ്റിക്” യോഗ്യത
വായ്‌പയ്ക്കായി സംരംഭകന്‍ ബാങ്കിനെ സമീപിക്കേണ്ടതില്ല. അര്‍ഹരായവരെ ‘ഓട്ടോമാറ്റിക് പ്രീ-അപ്രൂവ് മെക്കാനിസത്തി”ലൂടെ തിരഞ്ഞെടുത്ത് ബാങ്ക് അറിയിക്കും. താത്പര്യമില്ലാത്തവര്‍ക്ക് വായ്‌പ വേണ്ടെന്നു വയ്ക്കാം.
Post Your Comments