ഡെറാഡൂണ്‍: ഏഴ് മാസം ഗര്‍ഭിണിയായ യുവതി കടുത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയപ്പോള്‍ കോവിഡ് ഭയത്തെ തുടര്‍ന്ന് നാല് ആശുപത്രികളാണ് ഒരു ദയയും ഇല്ലാതെ ഇറക്കി വിട്ടത്. ഒടുവില്‍ പ്രദേശത്തെ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് അഞ്ചാമതൊരു ആശുപത്രിയില്‍ പ്രവേശനം ലഭിച്ചെങ്കിലും മാസംതികയാതെ പിറന്നുവീണ ഇരട്ടകുട്ടികള്‍ ഭൂമിയിലെ പ്രകാശം കാണാതെ വിടപറഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസത്തിനു ശേഷം യുവതിയും. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.
വ്യാഴാഴ്ചയാണ് കടുത്ത പനി ഉണ്ടെന്ന് പറഞ്ഞാണ് രണ്ട് സര്‍ക്കാര്‍ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും സുധാ സെയ്നി (24) യ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന് ഭര്‍ത്താവ് കമലേഷ് സെയ്നി പറഞ്ഞു. സുധയ്ക്ക് രക്തക്കുറവ് ഉണ്ടെന്നും രക്തം നല്‍കണമെന്നും പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ ഏഴ് മാസം മാത്രമേ ആയുള്ളൂ, ഒമ്പത് മാസം കഴിഞ്ഞ് എത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ചികിത്സ നല്‍കാന്‍ വിസമ്മതിച്ചെന്നും കമലേഷ് പറയുന്നു.
രാത്രിയോടെ സുധ പ്രസവിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികള്‍ മരിക്കുകയും ചെയ്തു. പ്രസവത്തെ തുടര്‍ന്ന് ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ട സുധയെ ആശുപത്രി അധികൃതര്‍ കാര്യമായി ചികിത്സയിച്ചില്ലെന്നും തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ സുധയും മരിച്ചെന്നും ഭര്‍ത്താവ് പറയുന്നു. സംഭവം വിവാദമായതോടെ ആരോഗ്യ സെക്രട്ടറി, ചീഫ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മജിസ്ട്രേറ്റ് തലത്തിലുള്ള മൂന്ന് അന്വേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു.
Post Your Comments