KeralaLatest NewsNews

പാലക്കാട് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; മുഖ്യപ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ് തയ്യാറാക്കി

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് തയ്യാറാക്കി. ഒന്നും രണ്ടും പ്രതികളായ അബ്ദുള്‍കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായാണ് ലുക് ഔട്ട് നോട്ടീസ് തയ്യാറായിരിക്കുന്നത്. ഇരുവരെയും ദിവസങ്ങളായും പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക് ഒട്ട് നോട്ടീസ് തയ്യാറാക്കിയത്. ഈ മാസം 5ന് ഇവരുടെ തോട്ടത്തിലെ തൊഴിലാളിയായ മൂന്നാം പ്രതി വില്‍സണെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ ഇവര്‍ തയ്യാറാക്കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ആനയാണ് വെളളിയാര്‍ പുഴയില്‍ ചരിഞ്ഞതെന്ന് വില്‍സണ്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ ഒളിവില്‍ പോയ മുഖ്യപ്രതികള്‍ക്കായി വനം- പൊലീസ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പിടിയിലായ മൂന്നാംപ്രതിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഇവരുടെ നീക്കമെന്നും ആരോപണമുയര്‍ന്നിരുന്നു. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും കോടതിയില്‍ കീഴടങ്ങുമെന്നും സൂചന ലഭിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി, മണ്ണാര്‍ക്കാട് കോടതികളില്‍ അന്വേഷണ സംഘം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് വിഫലമാകുകയായിരുന്നു.

ഇവരുടെ ബന്ധുക്കളുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നെങ്കിലും ഇവര്‍ എവിടെയെന്നതിനെക്കുറിച്ച് വിവരവും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞമാസം 27നാണ് ഇവരുടെ തോട്ടത്തില്‍ തയ്യാറാക്കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പൊളളലേറ്റ കാട്ടാന വെളളിയാര്‍ പുഴയില്‍ വച്ച് ചരിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button