KeralaLatest NewsNews

ആയുഷ് വകുപ്പും കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്‌കുകള്‍

തിരുവനന്തപുരം • കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന അവസരത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഗവ. ആയുര്‍വേദ കോളേജില്‍ വികസിപ്പിച്ച ഔഷധ മാസ്‌കുകളാണ് പൊതുജനങ്ങള്‍ക്കായി വിപണിയിലെത്തിക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍ മാസ്‌കുകള്‍ക്ക് കിട്ടിയ സ്വീകാര്യത കണക്കിലെടുത്താണ് ആയുര്‍ മാസ്‌കുകള്‍ വിപണനാടിസ്ഥാനത്തില്‍ പുറത്തിറക്കുവാന്‍ കുടുംബശ്രീയുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക പരിജ്ഞാനം കുടുംബശ്രീയ്ക്ക് കൈമാറുന്നതിന് ആയുഷ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് കുടുംബശ്രീ ഡയറക്ടറുമായി പ്രാരംഭ ചര്‍ച്ച നടത്തി. ഇതുപ്രകാരം ഔഷധമൂല്യമുള്ള കോട്ടണ്‍ മാസ്‌കകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. കുടുംബശ്രീയുമായുളള ധാരണാപത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. എത്രയും വേഗം ആയുര്‍ മാസ്‌കുകള്‍ വിപണിയില്‍ ഇറക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

shortlink

Post Your Comments


Back to top button