
തിരുവനന്തപുരം • ഇനി സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ബോട്ടിലില്‍ തൊടാതെ സാനിറ്റൈസര്‍ ഉപയോഗിക്കാം. കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ കീഴിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി ഓഫീസില്‍ സ്ഥാപിച്ചു കൊണ്ട് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
പ്രൊഫ.ബിന്ദു.ജെ.എസിന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ബിനോയ്, ആസിഫ്, അബ്ദുളള, റോഷന്‍, ആദിത്യന്‍, യാസര്‍ എന്നിവരാണ് മെഷീന്‍ നിര്‍മ്മിച്ചത്. ഒരിടത്തും കൈ തൊടാതെ മെഷീനിന്റെ മുന്നിലെ നിശ്ചിത സ്ഥലത്തേക്ക് കൈ നീട്ടിയാല്‍ ആവശ്യമായത്ര സാനിറ്റൈസര്‍ കൈയ്യില്‍ വീഴുന്ന തരത്തിലാണ് നിര്‍മ്മിതി. ഫോറക്സ് ഷീറ്റില്‍ ആര്‍ഡിനോ ബോര്‍ഡും ആള്‍ട്രാസോണിക് സെന്‍സറും ഇമ്മേഴ്സഡ് മോട്ടറും ഉപയോഗിച്ചാണ് മെഷീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൈദുതിയിലും ബാറ്ററിയിലും പ്രവര്‍ത്തിക്കും. 2 ലിറ്റര്‍ കപ്പാസിറ്റിയുളള മെഷീനില്‍ ഒരു പ്രാവശ്യം സാനിറ്റൈസര്‍ നിറച്ചാല്‍ 700 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. സാനിറ്റൈസര്‍ റീഫില്‍ ചെയ്യാനും കഴിയും. 1500 ചെലവു വരുന്ന മെഷീന്‍ വ്യവസായ അടിസ്ഥാനത്തില്‍ അക്രലിക് ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചാല്‍ 2000 രൂപ വേണ്ടി വരും ഇതിനോടനുബന്ധിച്ച് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാനുളള ആലോചനയിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ സംരംഭത്തെ മന്ത്രി അഭിനന്ദിച്ചു.
കേപ്പ് ഡയറക്ടര്‍ ഡോ ആര്‍ ശശികുമാര്‍, പ്രിന്‍സിപ്പാള്‍, ഡോ. ജി എല്‍ വത്സല, പ്രൊഫ. ബിന്ദു.ജെ.എസ്, കേപ്പ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബേബി ഐസക് എന്നിവരും മെഷീന്‍ നിര്‍മിച്ച വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Post Your Comments