തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാൾ താഴെയാണ് യഥാർത്ഥത്തിൽ പോസിറ്റിവായ കോവിഡ് രോഗികളുടെ എണ്ണം. പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് 7 ന് ശേഷം ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകാവുന്ന വർദ്ധനവ് മുൻകൂട്ടി കണക്കാക്കിയിരുന്നു. അഞ്ച് ആഴ്ചകൾ പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 300 കടക്കും എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ രോഗികളുടെ എണ്ണം അത്രയും എത്തിയില്ല എന്നത് ആശ്വാസജനകമാണ്. നമ്മുടെ പ്രതിരോധം ഫലപ്രദമാണെന്ന് ഇത് വ്യക്തമാക്കുന്നു. എങ്കിലും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർക്കറ്റുകൾ അണുവിമുക്തമാക്കുന്നതുൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല മുഴുവനായി അടച്ചിടാനുളള സാഹചര്യമില്ല. കേന്ദ്ര മാർഗ്ഗനിർദ്ദേശപ്രകാരം ഇതിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ജില്ലാതല അവലോകനയോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കാൻ അവലോകനയോഗം തീരുമാനിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ പൊതുമാർക്കറ്റുകൾ അണുവിമുക്തമാക്കും. ശക്തൻ മാർക്കറ്റിൽ ആ ദിവസങ്ങളിൽ കടകൾ തുറക്കില്ല. 10 കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾ റോഡരികിൽ പാർക്ക് ചെയ്യരുത്. പാർക്കിംഗ് സൗകര്യമുളള യാർഡുകൾ ഒരുക്കേണ്ടത് ചരക്ക് എത്തിക്കുന്നവരുടെ ചുമതലയാണ്. സർക്കാർ ഓഫീസുകളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. സന്ദർശക രജിസ്റ്റർ സൂക്ഷിക്കും. ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസർ നിർബന്ധമാക്കും. മാസ്‌ക് ഉപയോഗം കർശനമാക്കും. മാസ്‌ക് ധരിക്കാത്തവരേയും ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരേയും നിരീക്ഷിക്കും. പോലീസും ആർആർടികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി.
ജില്ലയിൽ രോഗവ്യാപനം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മരണമടഞ്ഞ കുമാരന്റെ രോഗസ്രോതസ്സ് മാത്രമാണ് സംശയത്തിലുളളത്. ആന്റിബോഡി ടെസ്റ്റുമായി മുന്നോട്ടു പോകും. കോവിഡ് ചികിത്സയ്ക്കുളള സൗകര്യങ്ങൾ ജില്ലയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ-200 ബെഡുകൾ ഉണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇഎസ്‌ഐ ആശുപത്രിയിൽ-80, ചെസ്റ്റ് ആശുപത്രി-180, ചാലക്കുടി താലൂക്ക് ആശുപത്രി-54, കൊരട്ടി ലെപ്രസി ആശുപത്രി-100, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-70 എന്നിങ്ങനെ ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്. ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. 74 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത്തരം രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ജനങ്ങളുടെ ജാഗ്രത ആവശ്യമാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments