ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമ്പോഴും രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. 141028 പേർ രോഗമുക്തി നേടി. 137448 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8102 ആയി. 7000ൽ നിന്ന് 8000 ആകാനെടുത്തത് മൂന്ന് ദിവസം മാത്രമാണെന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 357 മരണങ്ങളാണ്. തുടർച്ചയായ എട്ടാം ദിനവും പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം 9000 കടന്നു. 24 മണിക്കൂറിനിടെ 9996 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 286579 ആയി. തുടർച്ചയായ രണ്ടാം ദിവസം രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് നേരിയ ആശ്വാസം പകരുന്നുണ്ട്.
അതേസമയം, കൊവിഡ് പടർന്ന് പിടിച്ച മുംബൈ അടക്കം ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് വ്യാപനം പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ ഉയരുകയാണ്.
Post Your Comments