ലഡാക്ക് : ഇന്ത്യ-ചൈന അതിര്‍ത്തികള്‍ ശാന്തമാകുന്നു. ഇരു രാജ്യങ്ങളുടേയും സേനകള്‍ പിന്‍മാറുന്നു. ലഡാക്കിനടുത്തിള്ള രണ്ടര കിലോമീറ്റര്‍ പ്രദേശത്തു നിന്നാണ് സേനകള്‍ പിന്‍മാറുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാന്‍ഗോംഗ് പ്രവിശ്യയില്‍ വിന്യസിച്ച ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരില്‍ നിരവധി പേരെയും ഇപ്പോള്‍ ചൈനീസ് സേന തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് വിവരം. ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇന്ത്യയും ഈ പ്രദേശത്തെ സൈനികസാന്നിദ്ധ്യം കുറച്ചിട്ടുണ്ട്.എന്നാല്‍ പാന്‍ഗോംഗ് പ്രവിശ്യയില്‍ ഒഴിച്ച് മറ്റ് സ്ഥലങ്ങളില്‍ ചൈനീസ് സൈന്യം രണ്ട് മുതല്‍ മൂന്ന് കിലോമീറ്ററുകള്‍ വരെ പിന്‍വലിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാന്‍ഗോംഗ് തടാകത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. അടുത്തിടെ ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ മേജര്‍ ജനറല്‍ ലൂ ലിന്നും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
ഈ ചര്‍ച്ചയ്ക്ക് ശേഷമാണു ഇരു രാജ്യങ്ങളും തമ്മിലെ സംഘര്‍ഷത്തിന് അയവ് വന്നതെന്നും ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ ലഡാക്കിലെ ‘ഹോട്ട് സ്പ്രിംഗ്സി’ല്‍ വച്ച് അടുത്തുതന്നെ ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക മേധാവിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്ന വേളയിലാണ് ചൈനീസ് സൈന്യം ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കുന്നത്.
അതേസമയം, ഗാല്‍വാന്‍ പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 14, പട്രോളിംഗ് പോയിന്റ് 15, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ അടുത്തുതന്നെ ഇന്ത്യന്‍, ചൈനീസ് സേനകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ചൈന സൈനികരെ പിന്വലിക്കുന്നതെന്നും പറയപ്പെടുന്നു.
മെയ് അഞ്ച്, ആറ് തീയതികളില്‍ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിനോടടുത്ത് കിടക്കുന്ന പ്രദേശത്തുവച്ച് ചൈനയുടേയും ഇന്ത്യയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ശേഷം അത് രൂക്ഷമാകുകയായിരുന്നു.
Post Your Comments