തിരുവനന്തപുരം • തിരുവനന്തപുരം കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയും പിന്നീട് തിരികെയെത്തിക്കുകയും ചെയ്ത യുവാവ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഡീലക്സ് പേ വാര്‍ഡില്‍ തൂങ്ങിമരിച്ചു. നെടുമങ്ങാട് ആനാട് സ്വദേശിയായ 33 കാരനാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്ത്വനിപ്പിക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പായി ആഹാരവും നല്‍കി. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അഴിച്ചിറക്കി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെയാണ് ചികിത്സയിലിരിക്കെ ഇയാള്‍ അധികൃതരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. തുടര്‍ന്ന് ബസ് മാര്‍ഗം ഇയാള്‍ ആനാടെത്തി. കോവിഡ് രോഗികള്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രത്തോടെ വീട്ടു പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും, പോലീസെത്തി ആശുപത്രിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു.
Post Your Comments