വാഷിംഗ്ടണ്‍: ജി-7 രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക-ഇന്ത്യാ ധാരണയായതായി സൂചനകൾ പുറത്ത്. ഇന്ത്യ ലോകരാജ്യങ്ങള്‍ക്കൊപ്പം എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകും. ഇതോടുകൂടി ചൈനയുടെ കാര്യം പരുങ്ങലിൽ ആയിരിക്കുകയാണ്.
ജര്‍മ്മനി, ജപ്പാന്‍,അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ക്യാനഡ എന്നീ രാജ്യങ്ങളാണ് ജി-7 എന്ന കൂട്ടായ്മയിലുള്ളത്. ഇന്ത്യയുടെ സാന്നിദ്ധ്യം ലോക വികസനത്തിന് അനിവാര്യമാണെന്ന ശക്തമായ നിലപാട് ട്രംപ് സ്വീകരിച്ചതായാണ് വിവരം. ഇതിനിടെ ചൈനയെ തഴയാനും ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ട്രംപ് നീക്കം ആരംഭിച്ചു.
യു എസിലെ ഇന്ത്യന്‍ സ്ഥാനപതി തരന്‍ജീത് സിംഗ് സന്ധുവാണ് ഇരുരാജ്യങ്ങളും നടത്തിയ സംഭാഷണത്തെ പരാമര്‍ശിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജി-7 രാജ്യങ്ങളുടെ വിഷയം ചര്‍ച്ച ചെയ്‌ത് പരാമര്‍ശിക്കവേയാണ് സന്ധു അമേരിക്കയുടെ വിദേശനയം വ്യക്തമാക്കിയത്.
നരേന്ദ്രമോദിയുടെ നിലപാടുകള്‍ ട്രംപ് ഏറെ വിലമതിക്കുന്നു. ഇരുനേതാക്കളും നിരന്തരം വികസന വിഷയത്തില്‍ ആശയങ്ങള്‍ കൈമാറുന്നവരാണ്. ഇരുവര്‍ക്ക് പുറമേ നയതന്ത്ര രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര-വാണിജ്യ-പ്രതിരോധ വിഷയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സംസാരിക്കാറുണ്ടെന്നും സന്ധു പറഞ്ഞു.
കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ എടുത്ത മുന്‍കൈ ലോകരാജ്യങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നതെന്നും സന്ധു ചൂണ്ടിക്കാട്ടി. പ്രധാനമായും ഇന്ത്യയും ഉള്‍പ്പെട്ടുകൊണ്ട് ജി-7 രാജ്യങ്ങളുടെ വികസന നയമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. വരുന്ന സെപ്തംബറില്‍ നരേന്ദ്രമോദിയെ ഈ വിഷയത്തില്‍ അമേരിക്ക സന്ദര്‍ശിക്കാനും ട്രംപ് ക്ഷണിച്ചിരിക്കുകയാണ്. ഇന്ത്യയെ ജി-7 സമ്മേളനത്തില്‍ ക്ഷണിക്കുന്നതിനെതിരെ ചൈന പ്രതികരിച്ചെങ്കിലും ട്രംപ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. ഇന്ത്യക്കൊപ്പം റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരേയും ഏഷ്യന്‍ മേഖലയില്‍ നിന്നും ട്രംപ് പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നും സന്ധു ചൂണ്ടിക്കാട്ടി.
Post Your Comments