KeralaLatest NewsNews

ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം • ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ബാലനീതി നിയമ പ്രകാരം ഒരു കുട്ടിയെ അവസാന അഭയ കേന്ദ്രം എന്ന നിലയില്‍ മാത്രമേ സ്ഥാപന സംരക്ഷണത്തിനയക്കാന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിക്കുന്നു. കൂടാതെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം ഒരു ബദല്‍ മാര്‍ഗമായി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയും ഉത്തരവായിരുന്നു. ഈ സാഹചര്യത്തില്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് 2019 മേയ് 25ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജെ.ജെ. ആക്ട് പ്രകാരം കുട്ടികളുടെ ഉത്തമ താത്പര്യത്തിന് മുന്‍ഗണന നല്‍കുന്നതിനോടൊപ്പം തന്നെ പ്രായോഗിക ബുദ്ധിമുട്ടുകളും മനസിലാക്കിക്കൊണ്ടാണ് സ്പഷ്ടീകരണം വരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2015 ജെ.ജെ. നിയമ പ്രകാരം ജെ.ജെ. സ്ഥാപനങ്ങളില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണോ എന്ന് സി.ഡബ്ല്യു.സി ഉറപ്പ് വരുത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിക്ക് മാതാവോ പിതാവോ അല്ലെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഉണ്ട് എന്ന കാരണത്താല്‍ മാത്രം ശിശു സംരക്ഷണ സ്ഥാപത്തിലേക്കുള്ള പ്രവേശനം നിഷേധിക്കരുത്. മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ ഉണ്ടെങ്കിലും കുട്ടിക്ക് ആവശ്യമായ ശ്രദ്ധയും സംരക്ഷണവും സുരക്ഷയും പരിപാലനവും ഉറപ്പ് വരുത്താന്‍ പ്രാപ്തരല്ലാ എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം കുട്ടിയെ ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതാണ്.

പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയും വീട്ടില്‍ ഓണ്‍ലൈന്‍ പഠനസൗകര്യവുമില്ലാത്ത കുട്ടികളെയും കുട്ടികളുടെ ഉത്തമ താത്പര്യം മുന്നില്‍നിര്‍ത്തി ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് താത്കാലികമായി ഉടനടി പ്രവേശനം നല്‍കേണ്ടതാണ്. ഇവരുടെ കാര്യത്തില്‍ സാമൂഹിക അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 60 ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതാണ്.

ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ സ്ഥാപന മാനേജ്‌മെന്റിനോ കോടതികളില്‍ നിന്നും ജെ.ജെ. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ കോടതിയുടെ സ്‌റ്റേ ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ മുമ്പ് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ബാധകമല്ല. എല്ലാ അപേക്ഷകളിലും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഡാറ്റാ എന്‍ട്രിക്കായി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കൈമാറേണ്ടതാണ്. അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ഹോം സ്റ്റഡി സമയബന്ധിതമായി പൂര്‍ത്തിയാക്കുക, സിറ്റിങ്ങുകള്‍ യഥാക്രമം സംഘടിപ്പിക്കുക എന്നീ കാര്യങ്ങള്‍ ജില്ലാ വനിതാശിശു വികസന ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരുമായി യോജിച്ചു ചെയ്യേണ്ടതാണ്. ഈ നിര്‍ദേശങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button