കോഴിക്കോട് : പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ, ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്‍റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.
പ്രവാസലോകത്തുള്ള ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ സുപ്രീം കോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിന്‍ ചന്ദ്രനും. വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടിലേക്കുവന്നു. നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നിന്നു.
നിതിന്റെ വേര്‍പാട് സൃഷ്ടിച്ച സങ്കടലിലാണ് പ്രവാസി സമൂഹം. കൊറോണ കാലത്ത് ദുരിതത്തിലായവര്‍ക്ക് ആഹാരപ്പൊതിയുമായും കുടുംബവുമായി താമസിക്കുന്നവര്‍ക്ക് ഭക്ഷണ കിറ്റുമായും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഓടി നടന്നു നിതിന്‍. ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സമയത്ത് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും നിതിൻ മുന്നില്‍ തന്നെ നിന്നിരുന്നു.
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്റെ മകനാണ്. മരിച്ചതിന് ശേഷം നിധിനിൽ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായതിനെ തുടർന്ന് നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Post Your Comments