ന്യൂഡല്‍ഹി: പൗരത്വ നിയമ സമരത്തിന് മറവിൽ കലാപത്തിന് ആഹ്വാനം ചെയ്‌ത പിംജ്ര തോഡ് അക്ടിവിസ്റ്റ് ദേവാംഗന കലിതക്കെതിരെ യുഎപിഎ ചുമത്തി. മെയ് 23നാണ് ഡല്‍ഹി പോലീസ് ദേവാംഗനയെ അറസ്റ്റ് ചെയ്തത്. നേരത്തെ, മറ്റൊരു ആക്ടിവിസ്റ്റായ നടാഷ നര്‍വാളിനെതിരെയും യുഎപിഎ ചുമത്തിയിരുന്നു.
ജൂണ്‍ 3ന് ഇവര്‍ക്കെതിരെയുള്ള അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി ഡല്‍ഹി പോലീസിന് അനുമതി നല്‍കിയിരുന്നു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ദേവാംഗനയെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, മതത്തിന്റേയും മറ്റും അടിസ്ഥാനത്തില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദേവാംഗനക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ തന്നെ അറസ്റ്റിലായ ദേവാംഗന നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒരാഴ്ച്ചക്കിടെ ഇത് നാലാമത്തെ കേസാണ് ദേവാംഗനക്കെതിരെ ചുമത്തുന്നത്. ഇതിന് മുന്‍പ്, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ അക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസും ദേവാംഗനക്കെതിരെ ചുമത്തിയിരുന്നു.
ഡല്‍ഹി പൗരത്വ നിയമ കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെടുന്ന പത്താമത്തെ വ്യക്തിയും പിംജ്ര തോഡിലെ രണ്ടാമത്തെ ആക്ടിവിസ്റ്റുമാണ് ദേവാംഗന. നേരത്തെ, പിംജ്ര തോഡ് ആക്ടിവിസ്റ്റും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ നടാഷ നര്‍വാളിനെതിരേയും യുഎപിഎ ചുമത്തിയിരുന്നു. തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയായ നടാഷക്ക് കലാപത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Post Your Comments