കോഴിക്കോട്: ഭക്തജനങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഇപ്പോൾ തുറന്നുകൊടുക്കരുതെന്ന് വ്യക്തമാക്കി കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ നടത്തിയ ശ്രമം വിഫലമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങള്‍ ഈ അവസരത്തില്‍ ഒരു കാരണവശാലും ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി ചൂണ്ടിക്കാട്ടി.
ഭക്തജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താം. ദേവസ്വവും സര്‍ക്കാരും ഹിന്ദുസമൂഹവും ചേര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് ആവശ്യത്തിനും ക്ഷേത്രജീവനക്കാരുടെ ദുരിതങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ഒരു ക്ഷേമനിധി ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ദേവസ്വം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ സംഭരിച്ചുവെച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയാണ്. അത് ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകള്‍ പരിഹരിക്കാന്‍ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്നും കെ. നാരായണന്‍കുട്ടി വ്യക്തമാക്കി.
Post Your Comments