Latest NewsKeralaNews

വനത്തിനു പുറത്തേക്ക് മണൽ കൊണ്ടുപോകുന്നതിനെ എതിർത്ത് വനം വകുപ്പ്; പമ്പയിൽ നിന്ന് മണലെടുപ്പ് തുടരുന്നു

പത്തനംതിട്ട: വനത്തിനു പുറത്തേക്ക് മണൽ കൊണ്ടുപോകുന്നതിനെ വനം വകുപ്പ് ശക്തമായി എതിർക്കുമ്പോഴും പമ്പയിൽ നിന്ന് മണലെടുപ്പ് തുടരുന്നു.ഇന്നലെ കലക്ടർ പി.ബി.നൂഹ് നേരിട്ടെത്തി മണലെടുപ്പ് പുനരാരംഭിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണു നടപടി. 146 ലോഡ് മണൽ ഇന്നലെ പമ്പ ത്രിവേണിയിൽ കരയിലേക്കു മാറ്റി. എന്നാൽ, വാരിയ മണൽ എന്തു ചെയ്യണമെന്നതിൽ നടപടി ആയിട്ടില്ല. വനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതു വിലക്കിയ വനം വകുപ്പിന്റെ ഉത്തരവു പിൻവലിച്ചിട്ടില്ല. അതേസമയം, ആരോപണങ്ങൾ ശരിവയ്ക്കുന്നതാണു വനം വകുപ്പിന്റെയും കലക്ടറുടെയും നടപടികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മണൽ വനത്തിനു പുറത്തേക്കു കൊണ്ടുപോകാനുള്ള പാസ് അനുവദിക്കാൻ നടപടി തുടങ്ങിയിട്ടില്ല. അതിനിടെ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ദുരന്തനിവാരണ നിയമം ഉൾപ്പെടെ ഉപയോഗിച്ചത് ഏതു സാഹചര്യത്തിലാണെന്നു സർക്കാർ വിശദീകരിക്കണം.

മണൽ വാരൽ പുനരാരംഭിച്ചെങ്കിലും വിവാദത്തിനിടെ ഇനി ജോലി ഏറ്റെടുക്കാനില്ലെന്നു കേരള ക്ലേയ്സ് ആൻഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് മാനേജിങ് ഡയറക്ടർ എസ്.അശോക് കുമാർ പറഞ്ഞു. മണൽ വിറ്റഴിക്കാൻ പറ്റില്ലെങ്കിൽ ചെലവു താങ്ങാനാകില്ല. വാരിയ മണൽ വനം വകുപ്പിന്റെ പാസ് കിട്ടുന്നതു വരെ ചക്കുപാലത്തോ നിലയ്ക്കലോ സൂക്ഷിക്കാനാണു കലക്ടർ നേരത്തേ നിർദേശം നൽകിയിരുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ വാക്കാലുള്ള നിർദേശപ്രകാരം, പാസ് ഇല്ലാതെ വനമേഖല കടത്തി മണൽ എരുമേലിയിൽ എത്തിച്ചു. അവിടം സംഭരണകേന്ദ്രമാക്കി വിറ്റഴിക്കാനായിരുന്നു പരിപാടി.

അനുമതി ഇല്ലാതെ മണൽ കൊണ്ടുപോകരുതെന്നു കരാറുകാർക്കു വനം വകുപ്പ് നോട്ടിസ് നൽകിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപാടിൽ വൻ അഴിമതി ആരോപിച്ചത്. വനം മന്ത്രി കെ.രാജുവും ഇതിനെതിരെ പ്രതികരിച്ചു. തുടർന്നാണു മന്ത്രിയെയും വനം വകുപ്പിനെയും തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button