
മുംബൈ∙ പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ രോഷത്തോടെ വിമർശന പോസ്റ്റിട്ട ക്രിക്കറ്റ് താരത്തിന്റെ പോസ്റ്റ് കണ്ടവർക്ക് ചിരി അടക്കാനായില്ല. ചരിഞ്ഞ സംഭവത്തിൽ വിമർശനവുമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്കെതിരെ ‘ട്രോൾ മഴ’. ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ വിമർശിച്ച് എഴുതിയ ലഘു കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിത്തിന് വിനയായത്.
ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയുടെ ചിത്രം കൂടി ചേർത്തെങ്കിലും ആന കൊമ്പനായിപ്പോയി! ഇതോടെ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ പിഴവ് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയെങ്കിലും ചിത്രം മാറ്റാൻ രോഹിത് കൂട്ടാക്കിയില്ല.ആഫ്രിക്കൻ ആനകളിൽ പിടിയാനകൾക്കും കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഫ്രിക്കൻ ആനയുടെ ചിത്രമാണെന്നും രോഹിത് ന്യായീകരിച്ചു.
‘മനുഷ്യരാശിയുടെ ഈ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിഷ്കളങ്കയും നിരുപദ്രവകാരിയും സുന്ദരിയുമായ ഒരു സൃഷ്ടിയെ ഇത്ര നിഷ്ഠൂരമായി കൊലപ്പെടുത്താൻ എങ്ങനെയാണ് കഴിയുക? ഏറ്റവും കഠിനമായ രീതിയിൽ തന്നെ ഈ വിഷയം കൈകാര്യം ചെയ്യണം. ഈ ലോകത്തെ കൂടുതൽ മികച്ചതാക്കാന്‍ നമുക്ക് കാരുണ്യവും ദയയും കൂടിയേ തീരൂ. മാത്രമല്ല, നമ്മുടെ ചെയ്തികൾക്ക് ഉത്തരവാദിത്വവും വേണം’ – കൊമ്പനാനയുടെ ചിത്രത്തിനൊപ്പം രോഹിത് കുറിച്ച്. ഇപ്പോഴും ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.
Post Your Comments