ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധവിമാനം യാഥാര്‍ത്ഥ്യമാകുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന ഇരട്ട എന്‍ജിന്‍ യുദ്ധവിമാനത്തിനാണ് ഏറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എഡിഎ) അന്തിമാനുമതി നല്‍കിയത്. ആദ്യ വിമാനം ആറു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും. 10 വര്‍ഷത്തിനുള്ളില്‍ ഈ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്ന് പദ്ധതിയുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി തദ്ദേശീയമായി നിര്‍മിച്ച തേജസ് – എന്‍ ഫൈറ്റര്‍ വിമാനം അടുത്തിടെ മൂന്നുതവണ നടത്തിയ പരീക്ഷണത്തിലും നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ വിജയകരമായി പറന്നിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധവിമാനത്തിന്റെ സാധുതയും ഇന്ത്യ പരിശോധിക്കുന്നത്.
Read Also : ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ വലംകയ്യായി ഓസ്‌ട്രേലിയ
ആത്മനിര്‍ഭര്‍ പദ്ധതിക്കുകീഴില്‍ പ്രതിരോധ മേഖലയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതിനിടയിലാണ് യുദ്ധവിമാന നിര്‍മാണവും വരുന്നത്. ഇതുവഴി ഭാവിയില്‍ പ്രതിരോധ ഇറക്കുമതി കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുതിയ യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് തയാറായിക്കഴിഞ്ഞു. ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്നും ഐഎന്‍എസ് വിക്രാന്തില്‍നിന്നും പറന്നുയരാന്‍ പാകത്തിലായിരിക്കും ഇവയുടെ നിര്‍മാണം. തേജസ് – എന്‍ വിമാനത്തില്‍നിന്ന് പ്രചോദിതമായാണ് പുതിയ യുദ്ധവിമാനവും വരുന്നത്. യുഎസ്, ഫ്രഞ്ച് വ്യോമസേനകള്‍ ഉപയോഗിക്കുന്ന ബോയിങ്ങിന്റെ എഫ്/എ-18 ഇ/എഫ് ‘സൂപ്പര്‍ ഹോര്‍ണെറ്റ്’ വിമാനങ്ങളോടു കിടപിടിക്കുന്ന രൂപകല്‍പ്പനയായിരിക്കും പുതിയ യുദ്ധവിമാനത്തിനെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments