KeralaNattuvarthaLatest NewsNews

മേനകാ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള തീരുമാനം വർഗീയ പ്രീണനം: കെ.സുരേന്ദ്രൻ

കൊടുംക്രൂരതയെ പോലും നഗ്നമായ വർഗീയ പ്രീണനത്തിന് ഉപയോഗിക്കുന്ന തരത്തിൽ കേരളസർക്കാർ അധപതിച്ചു

തിരുവനന്തപുരം: ഗർഭിണിയായ ആനയെ കൈതച്ചക്കയിൽ ബോംബ് നൽകി ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള കേരള സർക്കാരിൻ്റെ തീരുമാനം വർഗീയ പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ .

ജില്ലയുടെ പേര് മാറിപ്പോയതിൻ്റെ പേരിൽ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നത് ലോകം മുഴുവൻ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചു വിട്ട് വിഷയം മാറ്റാനാണ്. ദേശീയ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മേനകാ ഗാന്ധി മലപ്പുറം എന്നു പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തിൽ പരക്കെ നടത്തുന്ന വിദ്വേഷപ്രചരണങ്ങളിൽ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതിൻ്റെ പേരിൽ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നത്.

സർക്കാരിൻ്റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. മലപ്പുറം എന്ന പേര് കേൾക്കുമ്പോഴേക്കും കേരളത്തിൻ്റെ സ്വത്വത്തിന് മുറിവേൽക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു. നാടിനെ നടുക്കിയ ഒരു കൊടുംക്രൂരതയെ പോലും നഗ്നമായ വർഗീയ പ്രീണനത്തിന് ഉപയോഗിക്കുന്ന തരത്തിൽ കേരളസർക്കാർ അധപതിച്ചു.

ഗർഭിണിയായ ആനയെ ക്രൂരമായി വധിച്ചവർക്കെതിരെ പ്രതികരിക്കാതിരിക്കുന്നവരാണ് ഇപ്പോൾ മലപ്പുറത്തെ അപമാനിച്ചെന്ന് മുറവിളികൂട്ടുന്നത്. ഇത് സർക്കാരിൻ്റെയും വനംവകുപ്പിൻ്റെയും പൊലീസിൻ്റെയും കഴിവ്കേട് മറയ്ക്കാനാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button