തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഏരിയ കമ്മിറ്റിയിൽ കൂട്ടരാജി. നിലവിൽ 10 പേർ ഏരിയ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. ഇരവിപേരൂർ ഏരിയക്ക് കീഴിലുള്ള പുറമറ്റം ലോക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന സ്ത്രീ വിഷയം ഉൾപ്പെടെയുള്ള ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി.
പുറമറ്റം ലോക്കൽ സെക്രട്ടറിക്കെതിരെ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടി നൽകിയ പരാതി പൊലീസ് മുക്കിയതായി നേരത്തേ ആരോപണമുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ സ്കൂൾ സർട്ടിഫിക്കറ്റുകളും മറ്റും കവർന്നെടുക്കുകയും ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്താൻ ശ്രമം നടത്തുന്നതായും പൊലീസിന് പരാതി ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് നടപടി ഇഴയുകയാണ്. മെയ് ഏഴിനാണ് പരാതിക്കാരിയായ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി രക്ഷപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഇരുപതംഗ ഏരിയ കമ്മിറ്റിയിൽ കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് ഉൾപ്പെടെയുള്ളവർ അംഗമാണ്. കൂടാതെ മുൻ ജില്ലാ സെക്രട്ടറി കെ അനന്ത ഗോപന്റെ സ്വന്തം തട്ടകമാണ് ഇരവിപേരൂർ ഏരിയ കമ്മിറ്റി. ഇതിനിടെയാണ് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുറമറ്റം ലോക്കൽ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയത്.
ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിർത്തിക്കൊണ്ട് ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തി സഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേ തുടർന്ന് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേർ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചു.
ALSO READ: ലോക്ക് ഡൗൺ കാലത്ത് എങ്ങനെ കറന്റ് ബില്ല് കൂടിയെന്ന് വ്യക്തമാക്കി മന്ത്രി എംഎം മണി
പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ജില്ലാ പ്ളാനിങ്ങ് കമ്മിറ്റി അംഗവുമായ എൻ രാജീവ്, സിപിഎം മുൻ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്റെ മകൻ അഭിലാഷ് ഗോപൻ, കവിയൂർ ലോക്കൽ സെക്രട്ടറി കെ സോമൻ, ഇരവിപേരൂർ ലോക്കൽ സെക്രട്ടറി കെ എൻ രാജപ്പൻ, ഓതറ ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ, വെണ്ണിക്കുളം ലോക്കൽ സെക്രട്ടറി അലക്സ് തോമസ് എന്നിവരുൾപ്പെടെ 10 പേരാണ് രാജിവച്ചത്. രണ്ട് അംഗങ്ങൾ നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു. ഇതോടെ 20 അംഗ ഏരിയ കമ്മിറ്റി ന്യൂനപക്ഷമായി യോഗം ചേരുകയാണ്.
Post Your Comments