Latest NewsKeralaNews

ലോക്ഡൗണിനു ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ധാരണയായി : കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ലോക്ഡൗണിനു ശേഷം രാജ്യത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ധാരണയായി. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പ്രസാദമോ തീര്‍ത്ഥമോ നല്കാന്‍ പാടില്ല. വിഗ്രഹങ്ങളില്‍ തൊടാന്‍ പാടില്ല. ദര്‍ശനത്തിന് മാത്രമേ അനുവാദമുള്ളൂ. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

read also : ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ വലംകയ്യായി ഓസ്‌ട്രേലിയ

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മേയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റാറന്റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. റസ്റ്റാറന്റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശത്തിലുണ്ട്. ഷോപ്പിംഗ് മാളുകളില്‍ വെവ്വേറെ വാതിലുകളിലൂടെ വേണം കയറാനും ഇറങ്ങാനും. ഓഫീസുകളില്‍ അധികം സന്ദര്‍ശകര്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു,?

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്

2. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.

3. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല

4. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ

5. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം.

6. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്

7. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്

8. ആരാധനാലയത്തില്‍പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം

9. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.

10. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം

11. ആരാധനാലയത്തിന് പുറത്തുള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം

12. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം

13. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

14. പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകള്‍ അനുവദിക്കരുത്.

15. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം

16. ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കൊവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.

17. 65 വയസ് കഴിഞ്ഞവരും, 10 വയസിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button