ബെയ്ജിംഗ്: G -7 വിപുലീകരിച്ച് ഇന്ത്യയെയും റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തി G -11 ആക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിൻറെ നീക്കത്തിനെതിരെ എതിർപ്പുമായി ചൈന രംഗത്ത്. ചൈനയെ ഇതിൽ ഉൾപ്പെടുത്തില്ലെന്നും അമേരിക്ക സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം നടത്തിയ പ്രതികരണം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപു൦ തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടന്നിരുന്നു. സംഭാഷണത്തില്‍ ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ചൈനയുടെ പ്രതികരണത്തിന് ആധാരം.7 വികസിത രാജ്യങ്ങളുടെ ഗ്രൂപ്പാണ് G-7. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, കാനഡ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇതിലെ അംഗങ്ങള്‍. നേരത്തെ G-8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോളാണ് G-7 ആയത്.
2020 ജൂണില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് G-7, വിപുലീകരിക്കാന്‍ ട്രംപ് ശ്രമം നടത്തിയത്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്.
Post Your Comments