കോവിഡ് 19 ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രവാസി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളിലടക്കം ഇപ്പോള്‍ തിരികെവരണമെന്ന ആഗ്രഹത്തില്‍ കഴിയുന്നത്. കേരളത്തില്‍ മരണസംഖ്യ താരതമ്യേന കുറവാണെങ്കിലും അന്യനാട്ടില്‍ കോവിഡ് 19 മൂലം ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍ നിരവധിയാണ്. ഇതര സംസ്ഥാനങ്ങളിലും അന്യരാജ്യത്തും ഇപ്പോഴും തിരികെ വരാനാകാതെ നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. ഗള്‍ഫില്‍ മാത്രം 150 ല്‍പ്പരം പ്രവാസി മലയാളികള്‍ മരണപ്പെടുകയുണ്ടായി. ഇത്തരത്തില്‍ മരിച്ചവരുടെ പ്രായം കണക്കാക്കിയാല്‍ ശരാശരി നാല്‍പ്പത് വയസുള്ളവരാണ് ഏറെയും. കേരളത്തില്‍ കോവിഡ്19 രോഗത്തില്‍ നിന്ന് വയോധികരെ പോലും രക്ഷിക്കുമ്പോള്‍ അന്യനാട്ടില്‍ യുവാക്കള്‍ മരണത്തിന് കീഴടങ്ങുന്ന കാഴ്ച്ച വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ദിനംപ്രതി കോവിഡ്് രോഗികളുടെ എണ്ണം പെരുകുന്നില്ലെന്ന് വ്യക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ ഭീതിയില്‍ കഴിയുന്ന ഒരു വിഭാഗം പ്രവാസികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും രാജു കുര്യന്‍ അഭിപ്രായപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് നാട്ടിലേക്ക് വരാന്‍ പാസ് നിര്‍ബന്ധമാണെന്ന് പറയുമ്പോഴും ആവശ്യക്കാര്‍ക്ക് പാസ് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. കോവിഡ് കാലഘട്ടത്ത് പ്രവാസികള്‍ക്ക് മാനസിക ധൈര്യവും പിന്തുണയും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് മലയാളികള്‍ ടിക്കറ്റ് ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള ചെലവ് വഹിക്കാന്‍ തയാറാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരെ പാര്‍പ്പിക്കാനുള്ള സൗകര്യം പോലും ഒരുക്കാതെ അലംഭാവം കാണിക്കുകയാണ്.പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ നിരവധി വിമാനക്കമ്പനികള്‍ തയാറായെങ്കിലും കേരള സര്‍ക്കാരിന്റെ പ്രതികൂല മറുപടി മൂലം അവസാന നിമിഷം യാത്ര റദ്ദാക്കിയവരാണ് ഇവിടെ കഴിയുന്നവരില്‍ ഏറെയും.
കേന്ദ്രവുമായി കൂടിയാലോചിച്ച് ബുദ്ധിമുട്ടനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളെല്ലാം തന്നെ കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കുവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം കൂടാതിരിക്കാന്‍ പ്രവാസികളെ തിരികെയെത്തിക്കുന്ന നടപടി മന്ദഗതിയിലാക്കിയത് തീര്‍ത്തും തെറ്റാണ്. ഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് പിന്തുണ നല്‍കേണ്ടത് സര്‍ക്കാരാണ്. മൂന്നരക്കോടി മലയാളികളില്‍ 35 ശതമാനവും പ്രവാസികളാണ്. ഇവരില്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്യനാട്ടില്‍ തനിച്ച് താമസിക്കുന്നവരാണ് ഏറെയും മാനസിക പിരിമുറുക്കം അനുഭവിക്കുന്നത്. കേരളത്തിന്റെ വരുമാനത്തില്‍ ഏറിയ പങ്കും വഹിക്കുന്ന പ്രവാസി മലയാളികളെ ഈ പ്രതിസന്ധിഘട്ടത്തില്‍ മാറ്റി നിര്‍ത്തുകയല്ല വേണ്ടത്, മറിച്ച് അവരെ സഹോദരങ്ങളായി കണ്ട് മാനസിക പിന്തുണ നല്‍കി ചേര്‍ത്ത് പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/rjkurian/videos/10157363826488997/
Post Your Comments