തിരുവനന്തപുരം • സംസ്ഥാനത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയക്കേണ്ടെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് നിബന്ധനകള്‍ വച്ചിട്ടില്ലെന്നും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയ് ഏഴുമുതലാണ് വന്ദേഭാരത് പദ്ധതി പ്രകാരം വിമാനങ്ങൾ വന്നുതുടങ്ങിയത്. ജൂൺ രണ്ടുവരെ 140 വിമാനങ്ങൾ വന്നു. 24333പേരാണ് ഇങ്ങനെ വന്നത്. 3 കപ്പലിലായി 1488 പേരുമടക്കം 25821 പേർ ഇതുവരെ വിദേശത്തുനിന്നെത്തി. വന്ദേഭാരത് പ്രകാരം ഒരു വിമാനവും കേരളം തടഞ്ഞിട്ടില്ല. വേണ്ടെന്നുവെച്ചിട്ടുമില്ല. ചോദിച്ച എല്ലാ വിമാനത്തിനും അനുമതിനൽകിയിട്ടുണ്ട്
വന്ദേഭാരതത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 ഫ്‌ളൈറ്റുകള്‍ ഉണ്ടാകുമെന്ന് വിദേശ മന്ത്രാലയം പറഞ്ഞിരുന്നു. അതുപ്രകാരം 360 വിമാനങ്ങള്‍ ജൂണില്‍ വരണം. എന്നാല്‍ ജൂണ്‍ മൂന്ന് മുതല്‍ പത്ത് വരെ 36 വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് അര്‍ത്ഥം കേരളം അനുമതി നല്‍കിയ 324 ഫ്‌ളൈറ്റുകള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ടെന്നാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഫ്‌ളൈറ്റ് ഓപറേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. അതില്‍ കുറ്റപ്പെടുത്താനാകില്ല. രാജ്യമാകെ ബാധകമായ ഒരു ദൗത്യം ആയതു കൊണ്ട് ഒന്നിച്ച് ഒരുപാട് ഫ്‌ളൈറ്റുകള്‍ അയച്ച് ആളുകളെ കൊണ്ടുവരുന്നതിന് പ്രയാസമുണ്ടാകും.
ചാർട്ടർ വിമാനങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകി. ഏതെങ്കിലും സംഘടനകൾ വിമാനം ചാർട്ട് ചെയ്യുകയാണെങ്കിലും അതിന് അനുമതി നൽകുന്നതിനും തടസ്സമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
അതേസമയം, വിദേശത്തുനിന്ന് ചാർട്ടഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്ന സംഘടനകൾ വന്ദേഭാരതിനെക്കാള്‍ ഉയർന്ന നിരക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻഗണന വിഭാഗങ്ങൾക്ക് ആദ്യം യാത്രക്കുള്ള സൗകര്യമൊരുക്കണം.തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരും. ഇവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും. ഇതിനുള്ള എല്ലാ സംവിധാനവും സജ്ജമാക്കും.
സ്പൈസ് ജെറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 300 വിമാനങ്ങള്‍ക്ക് അനുമതി തേടിയിരുന്നു. ഇതിനും അനുമതി നല്‍കിയിട്ടുണ്ട്. ദിവസം 10 വിമാനങ്ങള്‍ എന്ന നിരക്കില്‍ 30 ദിവസത്തേക്കാണ് സര്‍വീസ്. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരെ മാത്രമേ സ്പൈസ് ജെറ്റ് കൊണ്ടുവരികയുള്ളൂ. ഇതുകൂടാതെ, അബുദാബി ആസ്ഥാനമായ സംഘടനയ്ക്ക് 40 വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments