KeralaLatest NewsNews

മൂന്നാം പ്രളയ ഭീതി; പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി

തിരുവനന്തപുരം: മൂന്നാം പ്രളയ ഭീതി നിലനിൽക്കെ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭ അനുമതി നൽകി. മറ്റ് ആവശ്യങ്ങള്‍ക്കെങ്കില്‍ പരിസ്ഥിതി സമിതിയുടെ അനുമതി വേണം. അതേസമയം, പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി. പ്രളയം തടയാനായി മണല്‍ നീക്കാം. പുറത്തേക്ക് കൊണ്ടുപോവരുതെന്നു വനംവകുപ്പ് നിർദേശിച്ചു. ഇതോടെ മണല്‍ നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.

ഇതിനിടെ മണലെടുപ്പ് കരാറില്‍ നിന്ന് ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് പിന്മാറി. മണല്‍ വില്‍ക്കാന്‍ അനുമതിയില്ലെങ്കില്‍ പ്രയോജനമില്ലെന്ന് ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ പ്രതികരിച്ചു. ഇടപാടില്‍ അഴിമതിയില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. വിഷയവുമായി ബന്ധപ്പെട്ട് വനംമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുന്നു

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയില്‍ താനും പോയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണല്‍ നീക്കം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കലക്ടറെയും എസ്.പിയെയും ശാസിക്കുകയും ചെയ്തു.

ടോം ജോസിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണല്‍ നീക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വിശ്വാസ് മേത്ത മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. വിരമിക്കുന്നതിന്‍റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button