ന്യൂഡൽഹി : ചാരവൃത്തിക്ക് പിടിയിലായ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും പ്രവർത്തനങ്ങൾ ചോർത്തിയിരുന്നതായി കണ്ടെത്തി. ചാരവൃത്തിക്ക് പിടിയിലായ ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പാകിസ്താൻ ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ആബിദ് ഹുസൈൻ, താഹിർ ഹുസൈൻ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഡൽഹി പോലീസ് പ്രത്യേക സംഘത്തിന്റേതാണ് നടപടി. സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും ചലനങ്ങൾ ഇരുവരും നിരീക്ഷിക്കാറുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതിർത്തിയിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങൾ എങ്ങിനെയും കരസ്തമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്. ചാരവൃത്തിക്ക് പിടിയിലായ ആബിദ് രാജ്യത്തെ ഉന്നതപദവികളിൽ ജോലി ചെയ്യുന്ന പലരുമായും സമ്പർക്കത്തിലേർപ്പിട്ടുണ്ട്. ഗൗതം എന്ന വ്യാജപേരിലായിരുന്നു ഇയാൾ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത്. ഉന്നതരുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനായി ജേണലിസ്റ്റിന്റെ സഹോദരൻ എന്ന രീതിയിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
ALSO READ: ഓണ്‍ലൈന്‍ അധ്യാപകരെ അപമാനിച്ചവർക്കെതിരെ കേസെടുത്തു; സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നു
റെയിൽവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ കരസ്തമാക്കിയത് ഇത്തരത്തിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ജേണലിസ്റ്റിന്റെ സഹോദരൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആബിദ് റെയിൽവേയിൽ നടത്തിയ പുതിയ നിയമനങ്ങൾ , യാത്ര സമയം തുടങ്ങിയ കാര്യങ്ങൾ അധികൃതരിൽ നിന്നും മനസ്സിലാക്കിയിരുന്നു. വിവരം നൽകിയാൽ പണം നൽകാമെന്ന് ഇയാൾ പലരോടും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments