കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മ തലയ്‌ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭര്‍ത്താവ് ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു (60)മരിച്ചത്. തലയ്‌ക്കടിയേറ്റ ഭര്‍ത്താവ് അബ്‌ദുള്‍ സാലി (65) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിയുകയാണ്. കൊലപാതകിയെക്കുറിച്ചു വ്യക്‌തതയില്ല. സാമ്പത്തിക തര്‍ക്കമോ വ്യക്‌തിവൈരാഗ്യമോ ആകാം കൊലപാതകത്തിനു പിന്നിലെന്നാണു പോലീസ് നിഗമനം.
മോഷണ ശ്രമവും തള്ളി കളയുന്നില്ല. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ചുവന്ന വാഗണ്‍ആര്‍ കാര്‍ മോഷ്‌ടിക്കപ്പെട്ടു. അലമാര തുറന്ന് അലങ്കോലമാക്കിയ നിലയിലായിരുന്നു. മൃതദേഹം കിടന്ന മുറിയിലെ ഫാനിന്റെ ലീഫ് വളഞ്ഞിരുന്നു, ടീപ്പോയും തകര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: സാലിയും ഷീബയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഉമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതിരുന്ന വിദേശത്തുള്ള മകള്‍ അയല്‍വാസിയായ ബന്ധുവിനെ വിളിച്ചു പറഞ്ഞു. ഇതേസമയം വാടകവീട് കാണാനായി രണ്ടുപേര്‍ വീട്ടിലെത്തിയിരുന്നു. വീട്ടിനുള്ളില്‍ പാചകവാതകത്തിന്റെ ഗന്ധം വന്നതോടെ ഇവര്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ച സമയത്ത് ബന്ധുവും സ്‌ഥലത്തെത്തി.
സ്‌ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ വാതില്‍ തുറന്നപ്പോള്‍ മുറിക്കുള്ളില്‍ ഇരുവരെയും രക്‌തം വാര്‍ന്നൊഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മെയിന്‍ സ്വിച്ച് ഓഫാക്കിയശേഷമാണു മുറിക്കുള്ളിലേക്കു കടന്നത്. സാലിക്കു ചലനമുണ്ടായിരുന്നതിനാല്‍ ഇരുവരെയും അഗ്നിരക്ഷാസേന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കൂ കൊണ്ടുപോയെങ്കിലുംയാത്രയ്‌ക്കിടെ ഷീബ മരിച്ചു.അടുക്കളയില്‍ അടുപ്പില്‍ പുഴുങ്ങാന്‍ വച്ചിരുന്ന മുട്ടപാത്രത്തിലെ വെള്ളം വറ്റിയനിലയിലായിരുന്നു. അഗ്നിരക്ഷാസേനയാണു സ്‌റ്റൗ ഓഫ് ചെയ്‌തത്. വെള്ളം വറ്റിയെങ്കിലും പാത്രം കരിഞ്ഞിരുന്നില്ല.
ഒരു ചപ്പാത്തി പരത്തിയ നിലയിലും കറിക്കായി ഉള്ളി അരിഞ്ഞ നിലയിലുമായിരുന്നു. അടുക്കളയില്‍തന്നെയുണ്ടായിരുന്ന മറ്റൊരു സിലിണ്ടറാണു തുറന്നുവിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്. മൂര്‍ച്ച കുറഞ്ഞ ഭാരമേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമണം. രക്‌തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയ ഷീബയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരിച്ചത്. ഇരുവരുടെയും കൈ ഇരുമ്പുകമ്പി കൊണ്ടു പിന്നിലേക്കു കെട്ടി ഇതിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നു. പാചകവാതക സിലിണ്ടര്‍ മൃതദേഹത്തിനു സമീപം തുറന്നുവച്ചിരുന്നു.
നാഗമ്പടം ബസ് സ്‌റ്റാന്‍ഡില്‍ മുമ്പ് ചായക്കച്ചവടം നടത്തിയിരുന്ന സാലി ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നു കച്ചവടം അവസാനിപ്പിച്ചിരുന്നു. ഒന്നിലേറെ വീടുകള്‍ ഇയാള്‍ വാടകയ്‌ക്കും നല്‍കിയിരുന്നു. പോലീസ് ശാസ്‌ത്രീയ അന്വേഷണ വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി. ഏക മകളാണ് വിദേശത്തുള്ള ഷാനി. മരുമകന്‍: സുധീര്‍.
Post Your Comments