വാഷിങ്ടന്‍ : ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറിയ സംഭവത്തില്‍ ഇരു രാജ്യങ്ങളുമായുള്ള തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. അതേസമയം, ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന കൂടുതല്‍ സേനയെ എത്തിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. ലഡാക്കിലും വടക്കന്‍ സിക്കിമ്മിലും യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇന്ത്യയും ചൈനയും സൈനിക വിന്യാസം നടത്തുന്നുണ്ട്. അതേസമയം, ചൈനീസ് സേന ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയോ എന്ന ചോദ്യത്തിനു മറുപടി നല്കാന് അദ്ദേഹം വിസമ്മതിച്ചു. അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഇഐ) ‘വാട്ട് ദ് ഹെല് ഈസ് ഗോയിങ് ഓണ്‍’ എന്ന പോഡ്കാസ്റ്റില്‍ മാര്‍ക് തെയ്സ്സെനോടും ഡാനിയേല പ്ലെറ്റ്കയോടും സംസാരിക്കുകയായിരുന്നു പോംപെയോ.
മേഖലയിലെ സംഘര്‍ഷ സാധ്യത കൈവിട്ടുപോകുന്ന അവസ്ഥയുടെ സൂചനയാണിതെന്നും മുഖാമുഖം വന്നുള്ള പ്രതിഷേധത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും നിലപാടുകളില്‍ ഇരു രാജ്യങ്ങളും കടുകിടപോലും അയയാന്‍ തയാറായിട്ടില്ലെന്നതുമാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്നും പോംപെയോ പറയുന്നു. വുഹാനിലാരംഭിച്ച കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒളിക്കാനും വൈകിപ്പിക്കാനുമാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം. ഹോങ്കോങ്ങിലെ ജനങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുന്ന നടപടികളും അവരെടുക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
Post Your Comments