ന്യൂഡൽഹി : ലോക്ഡൗണ്‍ കാലത്ത് അധികം ലൈം ലൈറ്റിൽ വരാതെ നിശബ്ദനായിരുന്ന അമിത് ഷാ പൂര്‍വാധികം ശക്തിയോടെ കളത്തിലേക്ക്. വയനാട് എംപി രാഹുൽ ഗാന്ധിക്ക് ചുട്ടമറുപടിയുമായാണ് അമിത്ഷായുടെ രംഗപ്രവേശം. കുടില ചിന്താഗതിയുള്ളയാളാണ് രാഹുലെന്ന് അമിത് ഷാ തുറന്നടിച്ചു. അതിഥി തൊഴിലാളികള്‍ക്കായി ന്യായ് പദ്ധതി രാഹുല്‍ പറഞ്ഞത് ഈ ലക്ഷ്യങ്ങളോടെയാണ്. അതേസമയം രാഹുല്‍ ഗാന്ധി ഈ പദ്ധതിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ നടക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ രാഹുല്‍ ഈ പദ്ധതിയെ കുറിച്ച് പറഞ്ഞിരുന്നു. ന്യായ് എന്ന് പേരുമിട്ടു. എന്നാല്‍ ഒരുപക്ഷേ ന്യായ് പദ്ധതി ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യം ഒരു വര്‍ഷമായത് കൊണ്ട് അദ്ദേഹം അറിഞ്ഞ് കാണില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ ശരീരത്തില്‍ വര്‍ക്ക് ചെയ്യുന്ന കാസറ്റ് അതേ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കുടുങ്ങി നില്‍ക്കുകയായിരിക്കുമെന്നും ഷാ പരിഹസിച്ചു. ജനങ്ങള്‍ക്ക് നേരിട്ട് മോദി സര്‍ക്കാര്‍ പണമെത്തിച്ച നിര്‍ദേശത്തെ, ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തള്ളിയ പദ്ധതിയുമായിട്ടാണ് അദ്ദേഹം താരമത്യം ചെയ്തതെന്നും ഷാ പറഞ്ഞു.
ന്യായ് പദ്ധതിക്ക് ഇന്ത്യയില്‍ ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ലോക്ഡൗണ്‍ കാലത്ത് അദ്ദേഹം രാഹുലിനും കോണ്‍ഗ്രസിനുമെതിരെ രംഗത്ത് വന്നിരിക്കുന്നത്.മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ സ്വീകരിച്ച നടപടികളും അമിത് ഷാ വിശദീകരിച്ചു. 41 കോടി പാവപ്പെട്ടവര്‍ക്ക് 53000 കോടി നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തി. 20 കോടി ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്ക് 20000 കോടിയുടെ ആനുകൂല്യം ലഭിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി .
മൂന്ന് കോടി മുതിര്‍ന്ന പൗരന്മാര്, വിധവകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് 2814 കോടി രൂപ നല്‍കിയതായും അമിത് ഷാ പറഞ്ഞു.മോദി സര്‍ക്കാര്‍ കര്‍ഷകരെ വലിയ തോതില്‍ സഹായിച്ചെന്നും ഷാ പറഞ്ഞു. 8.2 കോടി കര്‍ഷകര്‍ക്കായി 16394 കോടി രൂപയാണ് നല്‍കിയത്. നിര്‍മാണ തൊഴിലാളികള്‍ക്കായി നാലായിരം കോടി രൂപയുടെ സഹായവും നല്‍കിയിട്ടുണ്ട്. ഏഴര കോടി സൗജന്യ ഗ്യാസ് സിലിണ്ടറുകളും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ ധാന്യങ്ങളും പണത്തിനൊപ്പം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments