Latest NewsKeralaCricketNewsSports

ടിനു യോഹന്നാനെ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തു

തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാനെ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷം ടീമിനൊപ്പമുണ്ടായിരുന്ന ഡേവ് വാട്‌മോറിന് പകരമായിട്ടാണ് ടിനുവിനെ പരിശീലകനായി നിയമിച്ചത്. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയില്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കെസിഎ ആലപ്പുഴയില്‍ ആരംഭിച്ച ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ (എച്ച്പിസി) പ്രഥമ ഡയറക്റ്റർ കൂടിയാണ് ടിനു. കേരള ക്രിക്കറ്റ് ടീമിനെ ടിനു യോഹന്നാൻ പരിശീലിപ്പിക്കുമ്പോൾ അണ്ടർ-23 ടീമിനെ ഫിറോസ് റഷീദ് പരിശീലിപ്പിക്കും. മുൻ ഓൾറൗണ്ടർ സുനിൽ ഒയാസിസ് അണ്ടർ 19 ന്റെയും പി പ്രശാന്ത് അണ്ടർ 16 ടീമിന്റെയും പരിശീലകനാകും.

https://www.facebook.com/KeralaCricketAssociation/photos/a.202171573136386/3290162971003882/?type=3

ആഭ്യന്തര സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വാട്‌മോറിനെ ഒഴിവാക്കിയിരുന്നു. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്‌മോർ ചുമതലയേറ്റത്. കഴിഞ്ഞ വർഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയെങ്കിലും കഴിഞ്ഞ സീസണിൽ കേരളത്തിന്റെ മോശം പ്രകടനം വാട്‌മോറിനു തിരിച്ചടിയായിരുന്നു.

ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളി താരമാണ് ടിനു യോഹന്നാൻ. 2001ലെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിലൂടെയാണ് അരങ്ങേറ്റം. ആകെ മൂന്നു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യയ്ക്കുവേണ്ടി പന്തെറിഞ്ഞിട്ടുളളൂ. 5 വിക്കറ്റുകളാണ് സമ്പാദ്യം. ആകെ നേടിയത് 13 റണ്‍സും. ശേഷം ആകെ മൂന്ന് ഏകദിനങ്ങളിൽ മത്സരിച്ചു. 2002 മെയ് 29ന് വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ആദ്യ മത്സരം. ഇതില്‍നിന്നും ആകെ 5 വിക്കറ്റുകളും ഏഴു റണ്‍സുമാണ് നേടിയത്. 39 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍നിന്ന് 89 വിക്കറ്റുകളും 317 റണ്‍സും ടിനു നേടിയിട്ടുണ്ട്. 2009ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുനിന് വേണ്ടിയും കളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button