പത്താന്‍കോട്ട്: മുച്ചക്ര സൈക്കിള്‍ ചവിട്ടി തെരുവോരങ്ങളിലെ യാചകര്‍ക്കും പാവപ്പെട്ടവര്‍ക്കും മാസ്ക് വിതരണം ചെയ്ത് കൊവിഡ് പ്രതിരോധത്തിന്റെ അതുല്യ മാതൃകയായിരിക്കുകയാണ് പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശിയായ അംഗപരിമിത യാചകന്‍ രാജു ബാസിഗര്‍. അദ്ദേഹത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതോടെയാണ് എല്ലാവരും ഇത് അറിഞ്ഞത്. അംഗപരിമിതി മൂലം കുട്ടിക്കാലത്തേ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന രാജുവിനെ വീട്ടുകാര്‍ ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് 1984 മുതല്‍ ഭിക്ഷ യാചിച്ചാണ് രാജു ജീവിക്കുന്നത്. ആദ്യം ചക്രങ്ങള്‍ ഘടിപ്പിച്ച ഒരു തടിക്കഷണമായിരുന്നു രാജുവിന്റെ ‘വാഹനം’. ആ അവസ്ഥയിലും നിരവധി പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രാജു ബാസിഗര്‍ ധനസഹായം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് രാജുവിന്റെ നല്ല മനസ്സ് തിരിച്ചറിഞ്ഞ ആരോ സമ്മാനിച്ച മുച്ചക്ര സൈക്കിളില്‍ രാജു തന്റെ ജീവിതം തുടര്‍ന്നു. ഭിക്ഷയെടുത്ത് കിട്ടിയ ഒരു ലക്ഷത്തോളം വരുന്ന തുകയാണ് കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജു ബാസിഗര്‍ മാറ്റി വെച്ചത്.
രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് കൈക്കൊള്ളുന്ന നടപടികളെ പ്രശംസിക്കവെ പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജു ബാസിഗറിന്റെ മാസ്ക് വിതരണത്തെ പ്രകീർത്തിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അമ്പരന്ന രാജു, തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് വ്യക്തമാക്കി. തന്നെ പരിഗണിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും രാജു അറിയിച്ചു.
പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് അര്‍ഹനായതിലൂടെ രാജ്യത്തിന് മുന്നില്‍ നാടിന്റെ അഭിമാനമുയര്‍ത്തിയ രാജു ബാസിഗറിന് പ്രാദേശിക ഭരണകൂടം സ്വീകരണമൊരുക്കി. എന്നാല്‍ സ്വീകരണ പരിപാടിയിലും സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന രാജുവിന്റെ സാമൂഹിക ബോധത്തിന് മുന്നില്‍ കൈ കൂപ്പുകയാണ് ജനപ്രതിനിധികള്‍.
Post Your Comments