കൊച്ചി: കടത്തിണ്ണകളിൽ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസുകളിലെ കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിനു (പണിക്കർ കുഞ്ഞുമോൻ–46) വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒപ്പം ഉറങ്ങിക്കിടന്നസുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ 8 കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ സേവ്യറിനെ വിട്ടയച്ചിരുന്നു. എന്നാൽ ഈ കേസിൽ തലയ്ക്കടിയേറ്റ ഉണ്ണികൃഷ്ണൻ (നെച്ചുണ്ണി) തന്നെ അക്രമിച്ചതു സേവ്യറാണെന്നു ചികിത്സയിലിരിക്കെ അടുത്തബന്ധുക്കളോടു വെളിപ്പെടുത്തിയിരുന്നു.
ഇത് മരണമൊഴിയായി കണക്കാക്കി ഈ കേസിൽ പ്രതിക്കെതിരായ ശക്തമായ തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പിഴത്തുകയിൽ 75,000 രൂപ കൊല്ലപ്പെട്ട ഉണ്ണികൃഷ്ണന്റെ ഭാര്യയ്ക്കു നൽകാനും കോടതി നിർദ്ദേശിച്ചു.
2016 മാർച്ചിൽ എറണാകുളം നോർത്ത് ഇ.എസ്.ഐ. ആശുപത്രിക്ക് എതിർവശത്തുള്ള ഓലഷെഡ്ഡിൽ വെച്ചായിരുന്നു റിപ്പർ ഉണ്ണികൃഷ്ണനെ മദ്യലഹരിയിൽ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സേവ്യറും ഉണ്ണികൃഷ്ണനും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. ഇതിനിടയിൽ കോൺക്രീറ്റ് കട്ട കൊണ്ട് സേവ്യർ ഉണ്ണികൃഷ്ണൻറെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. നെഞ്ചും വാരിയെല്ലും തകർന്ന ഉണ്ണികൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു.
17 സാക്ഷികളെ വിസ്തരിച്ച അഡീ.സെഷൻസ് ജഡ്ജി കെ.ബിജുമേനോനാണു കൊലക്കുറ്റം ചുമത്തി പ്രതിയെ ശിക്ഷിച്ചത്.
Post Your Comments