Latest NewsKeralaNews

വീണ്ടും കേരളം മാതൃക: നേരം പുലരും മുമ്പ് മരുന്നുമായി ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം • പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആര്‍.സി.സി.യുടേയും യുവജന കമ്മീഷന്റേയും സഹകരണത്തോടെ ഫയര്‍ഫോഴ്‌സ് ഇതുവരെ 1800 ഓളം രോഗികള്‍ക്ക് 16 ലക്ഷത്തോളം രൂപയുടെ മരുന്നാണെത്തിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആര്‍.സി.സി.യുടെ സഹകരണത്തോടെ 22-ഉം തമിഴ്‌നാട്ടില്‍ കന്യാകുമാരിയിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഈ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുള്ള കീമോതെറാപ്പി ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ആര്‍.സി.സി.യില്‍ നിന്നും അതത് കേന്ദ്രങ്ങളിലും രോഗികളുടെ അടുത്തും നേരിട്ട് ഫയര്‍ഫോഴ്‌സ് എത്തിക്കുന്നത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ളവര്‍ മരുന്നിനായി വിളിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ അത് ഫയലുമായി ഒത്തുനോക്കിയാണ് ഫയര്‍ഫോഴ്‌സിന് നല്‍കുന്നത്. രാത്രി വിളിച്ചു പറഞ്ഞാല്‍ പോലും അതിരാവിലെ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തിക്കും.

വലിയ ജീവകാരുണ്യ സേവനം നടത്തുന്ന ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പോലീസും ഫയര്‍ഫോഴ്‌സും വലിയ സേവനമാണ് ചെയ്യുന്നത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും ചികിത്സ തേടുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാല്‍ മരുന്നുകളും ചികിത്സയും കിട്ടാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കിയത്. കന്യാകുമാരി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലാണ് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഇതൊടൊപ്പം ഈ കാലയളവില്‍ ഈ സ്ഥലങ്ങളിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാനും ബുദ്ധിമുട്ടായിരുന്നു. ഈയൊരു സാഹചര്യം മറികടക്കാനായത് ഫയര്‍ഫോഴ്‌സിന്റെ സേവനം കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആര്‍.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കിയത്. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ നടത്തുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button