Latest NewsNewsIndiaInternational

ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ

ജനീവ: ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ മേജര്‍ സുമന്‍ ഗവാനി. യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ (2019) പുരസ്‌കാരമാണ് ഗവാനിക്ക് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ദക്ഷിണ സുഡാനിൽ ഉണ്ടായ സംഘർഷം പരിഹരിക്കുന്നതിനുള്ള കൃത്യമായ ഇടപെടലാണ് ഗവാനിയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
ബ്രസീലിയന്‍ വനിത കമാന്‍ഡര്‍ കാര്‍ല മൊന്റയ്‌റോ ദെ കാസ്‌ട്രോ അറൗജോയും ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിടുന്നുണ്ട്.

ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ സൈനികോദ്യോഗസ്ഥ കൂടിയാണ് ഇവർ. 2018 മുതൽ 2019 വരെ ദക്ഷിണ സുഡാനിലെ സൈനിക നിരീക്ഷകയായിരുന്നു ഗവാനി. യുഎൻ സമാധാന പാലകരുടെ അന്താരാഷ്ട്ര ദിനമായ സോബ 29 ന് സംഘടിപ്പിച്ച ഓൺലൈൻ ചടങ്ങിൽ മേധാവി ആന്റോണിയോ ഗുട്ടെറെസിൽ നിന്നും ഗവാനി ബഹുമതി ഏറ്റുവാങ്ങി. ആദ്യമായാണ് സമാധാന പാലനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കുന്നത്.

നിലവിൽ സൗത്ത് സുഡാനിലെ യു.എൻ മിഷന്റെ ഭാഗമായി മിലിട്ടറി ഒബ്‌സർവറായി പ്രവർത്തിക്കുകയാണ് സുമൻ ഗവാനി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ സുഡാന്‍ സര്‍ക്കാരിനെ സഹായിക്കുക എന്ന പ്രവര്‍ത്തനവും ഇവരുടെ ജോലിയുടെ ഭാഗമാണ്. 2011-ലാണ് സുമന്‍ ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായത്. ഓഫീസേഴ്‌സ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം ആര്‍മി സിഗ്നല്‍ കോര്‍പ്‌സില്‍ ആണ് സൈനികസേവനം തുടങ്ങിയത്. പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗവാനി പ്രതികരിച്ചു. തനിക്ക് ലഭിച്ച പുരസ്‌കാരം ഇന്ത്യയിലെ എല്ലാ സമാധാന പാലകർക്കുമായി സമർപ്പിക്കുന്നു എന്നും ഗവാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button