മുംബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം മുംബൈയിലേക്ക് തിരിച്ചു. 50 ഡോക്ടർമാരും 100 നഴ്സുമാരും അടങ്ങുന്ന വൻ സംഘമാണ് മുംബൈയിലേക്ക് തിരിച്ചത്. ബിഎംസിയിലെ ആശുപത്രികളിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇവർ പങ്കാവുക.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. സന്തോഷ് കുമാറും തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. സജീഷ് ഗോപാലനുമാണ് ഈ സംഘത്തെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
മുംബൈ റേസ്കോഴ്സ് റോഡിൽ 600 കിടക്കകളുള്ള ആശുപത്രി സജ്ജീകരിച്ച് പ്രവർത്തിപ്പിച്ച് തുടങ്ങുക എന്നതാണ് ഇവർക്കുള്ള ആദ്യത്തെ ചുമതല. 125 കിടക്കകളുള്ള ഐസിയുവും ആശുപത്രിയിൽ ഉണ്ടാവും. രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നുള്ള ആളുകൾ സംഘത്തിലുണ്ടെന്നും കൂടുതലും മലയാളികളാണെന്നും ഡോ. സന്തോഷ് കുമാർ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചു. ഇവർ വരുന്നതിനു മുന്നോടിയായി ഡോ. സന്തോഷ് കുമാറും ഡോ. സജീഷ് ഗോപാലനും മുംബൈയിൽ എത്തി.
നേരത്തെ, സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ കാസർഗോഡ് കൊവിഡ് രൂക്ഷമായ സാഹചര്യത്തിലും സഹായവുമായി എത്തിയിരുന്നു. ജില്ലയിൽ 500 കിടക്കകളുള്ള കൊവിഡ് ആശുപത്രി ഇവരാണ് ഒരുക്കിയത്.
ഇന്ത്യയിലെ കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തിൽ കനത്ത വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനയാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. മരണ നിരക്കിലും വൻ വർധനയാണുള്ളത്. 7964 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.
തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 7000നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 265 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. ഇതും റെക്കോർഡ് എണ്ണമാണ്. 1,73,763 രോഗികളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 പേരാണ് മരണപ്പെട്ടത്. 86422 പേരാണ് ചികിത്സയിൽ ഉള്ളത്.
Post Your Comments