
ആലപ്പുഴ • മന്ത്രി ജി.സുധാകരൻ കരിമണൽ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും യു.ഡി.എഫ് മന്ത്രിസഭയിലെ കെ.ബാബുവിന്റെ റോളിലേക്ക് ജി.സുധാകരൻ അധഃപതിച്ചതായും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു.
ജി.സുധാകരന് കരിമണൽ കടത്തിൽ പങ്കില്ലെങ്കിൽ അദ്ദേഹം കരിമണൽ കൊള്ള നിർത്തിവെപ്പിക്കണം, അല്ലെങ്കിൽ രാജിവെച്ച് തീരദേശ ജനങ്ങളോടൊപ്പം സമരത്തിനിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിമണൽ കൊള്ള അവസാനിപ്പിക്കണമെന്നും തീരദേശം സംരക്ഷിക്കാൻ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹരിപ്പാട് വലിയഴീക്കൽ മുതൽ അരൂർ ചാപ്പക്കടവ് വരെ 100 കേന്ദ്രങ്ങളിൽ ബി.ജെ.പി. ജില്ലാ കമ്മറ്റി നടത്തിയ തീരസംരക്ഷണ പ്രതിജ്ഞ തോട്ടപ്പള്ളിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രശ്നത്തിൽ തീരദേശ ജനത നടത്തുന്ന സമരത്തിൽ ബി.ജെ.പി. ശക്തമായ പിന്തുണ നൽകുമെന്നും ബി.ജെ.പി. യുടെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനിദേവ്, മേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൽ.പി. ജയചന്ദ്രൻ, അഡ്വ.രൺജിത് ശ്രീനിവാസ്, ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, മറ്റു ഭാരവാഹികളായ കെ.ശാന്തകുമാരി, കെ.പ്രദീപ്, വി.ശ്രീജിത്ത്, ആശാ രുദ്രാണി,കെ.അനിൽ കുമാർ, വി.ബബുരാജ്, ആരോമൽ, രോഹിത് രാജ് എന്നിവർ സംസാരിച്ചു.
Post Your Comments