കൊല്ലം: ഉത്രയുടെ കൊലപാതകത്തിൽ ഭര്‍ത്താവ് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള വനിതാ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തു നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ചു കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കണമെന്നും പറയുന്നുണ്ട്.
Read also: കോവിഡ് സ്ഥിരീകരണം : ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സിന്റെ നില അതീവഗുരുതരം
പ്രതിയായ സൂരജിനെതിരെ 90 ദിവസത്തിനകം തെളിവുകള്‍ സഹിതം കുറ്റപത്രം സമര്‍പ്പിച്ച് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും അതിന് ആവശ്യമായ കൂട്ടുത്തരവാദിത്വമാണ് കൊല്ലം – പത്തനംതിട്ട ജില്ലകളുടെ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്രയുടെ ഭര്‍ത്താവ് സൂരജ്, സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി വനിതാ കമ്മീഷന്‍ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments