കൊല്ലം: ഉത്ര കൊലക്കേസ് എല്ലാ പഴുതുകളും അടച്ച് പൊലീസിന്റെ കുറ്റപത്രം , പാമ്പുകളുടെ വിഷവീര്യം ഉള്‍പ്പെടുത്തും. ഉത്രയെ കൊത്തിയത് മൂര്‍ഖന്‍ പാമ്പാണെന്ന് വ്യക്തമാണെങ്കിലും സംസ്ഥാനത്തുള്ള എല്ലാ ഇനം പാമ്പുകളുടെയും വിഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുകയാണ് അന്വേഷണ സംഘം. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഓരോ ഇനത്തിലുള്ള പാമ്പിന്റെയും ജീവിത രീതിയും കടിയ്ക്കാനുള്ള സാദ്ധ്യതകളും വിഷത്തിന്റെ വീര്യവും മരണത്തിന് കാരണമാകുമോയെന്നതും ഉള്‍പ്പടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.
ഭാവിയിലും ഇത്തരം കേസുകളുണ്ടായാല്‍ ഉപയോഗിക്കാന്‍ കഴിയുംവിധത്തിലാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. കടല്‍പാമ്പുകള്‍ക്ക് പുറമെ പത്ത് ഇനം വിഷപ്പാമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയില്‍ ഇത് മുപ്പത് ഇനമുണ്ട്. ഉഗ്ര വിഷമുള്ള രാജവെമ്പാല മുതല്‍ വിഷമില്ലാത്ത പാമ്പുകള്‍ വരെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. സാധാരണയായി അണലിയും മൂര്‍ഖനുമാണ് മനുഷ്യരെ കൊത്താറുള്ളത്. ശംഖുവരയനും അത്രത്തോളമില്ലെങ്കിലും കൊത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയതും കേരളചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
Post Your Comments